Monday, April 25, 2011

സ്വകാര്യം

(കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൌമുദി ഗ്രൂപ്പിണ്റ്റെ 'കഥ' ദ്വൈവാരിക പ്രസിദ്ധീകരിച്ച മിനിക്കഥയാണ്‌ 'സ്വകാര്യം'. ഏതു കാലത്തായാലും കുഞ്ഞു മനസ്സിണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറങ്ങള്‍ നൂറാണ്‌)


സ്വകാര്യം
---------
ഇത്താത്ത പോകുന്നിടത്തൊക്കെ നല്ല വാസനത്തൈലത്തിണ്റ്റെ ചൂര്‌... ഇത്താത്ത പോകുന്നിടത്തൊക്കെ ഒരു തരം മിനുമിനുങ്ങണ പടപടപ്പ്‌... ഇത്താത്ത പോകുന്നിടത്തൊക്കെ കിക്കിളികൂട്ടും പോലൊരു കിലു കിലുക്കം..

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇത്താത്ത കാറില്‍ കയറിപ്പോയി. ഇത്താത്തയുടെ തൊട്ടടുത്ത്‌ മുട്ടിയുരുമ്മി ആ പുതിയ ആളും ഇരുന്നിരുന്നു. ഇത്താത്ത പോകുന്നത് കണ്ടപ്പോള്‍ ഉമ്മ കരഞ്ഞു..., അമ്മായി കരഞ്ഞു. കുഞ്ഞിക്കാക്കയും ഷമീറും കരഞ്ഞു.സുമിയ്യ മാത്രം കരഞ്ഞില്ല. പോകുന്ന പോക്കിലുള്ള ഇത്താത്തയുടെ മണം ആവോളം ആര്‍ത്തിയോടെ മൂക്കു വിടര്‍ത്തി വലിച്ചു പിടിച്ചു നിന്നു ,അവള്‍.

കാറ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൂമുഖത്ത്‌ ചാരുകസേരയില്‍ മലര്‍ന്ന്‌ കിടന്ന്‌ നെടുവീര്‍പ്പിടുന്ന ഉപ്പയെ കണ്ടു. സുമിയ്യ പയ്യെ ഉപ്പയുടെ ഓരം ചാരിനിന്നു. ഉപ്പയുടെ കാത്‌ പിടിച്ച്‌ വലിച്ച്‌ അവളുടെ ചുണ്ടോടടുപ്പിച്ചു...എന്നിട്ട്‌ സ്വകാര്യം ചോദിച്ചു:
" ഉപ്പാ... ന്നേം കെട്ടിയ്ക്കോ...?"

ഉപ്പ കുടു കുടെ ചിരിച്ചു. ഉപ്പാടെ ചിരി കണ്ടപ്പോള്‍ സുമിയ്യയ്ക്ക്‌ നാണം വിരിഞ്ഞു. ഉപ്പ അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി വരിഞ്ഞു മുറുക്കി ചോദിച്ചു:
"എന്തിന മോളെ.. അന്നപ്പെ കെട്ടിയ്ക്കണേ..?"

സുമിയ്യ ഉപ്പാടെ തോളില്‍ ഞാണു കിടന്നു. ഉപ്പാടെ ചെവിയില്‍ ഉമ്മം വെച്ചു. എന്നിട്ട്‌ പിന്നെയും കള്ളച്ചിരിയോടെ സ്വകാര്യം പറഞ്ഞു:
" അതേയ്‌ ഇയ്ക്കും ഒന്ന്‌ പുയ്യെണ്ണാവാന്‍...".

Sunday, April 17, 2011

പൂക്കാവടി

(തിരൂര്‍ മീറ്റിന്‌ പോയിരുന്നു. മീറ്റുകള്‍ കുറേക്കൂടി കാര്യമാത്ര പ്രസക്തമാകണമെന്നു തോന്നി.
തുഞ്ചന്‍പറമ്പ്‌ ഓരോ മലയാളിയുടേയും ആത്മാവിലെ ഒരിടമാണ്‌. അവിടത്തെ മണല്‍ച്ചെരുവിലാണ്‌ നമ്മുടെ തായ്‌വേരുകള്‍ ഊര്‍ന്നിറങ്ങിയിട്ടുള്ളത്‌. ആ പിതൃഭൂമിയിലങ്ങനെ ചുറ്റിയടിച്ചപ്പോള്‍ ഉള്ളിലുടക്കിയത്‌ കാഞ്ഞിരത്തറയാണ്‌. അപ്പോള്‍ തോന്നിയ ഒരു കവിതാശകലം)

തുഞ്ചന്‍പറമ്പ്‌
-------------
തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരച്ചില്ലയില്‍
ചിരാതുപോല്‍ തളിരുകള്‍ ജ്വലിച്ചു നില്‍പൂ..
അക്ഷരപ്പെയ്ത്തിന്നമൃതല്ലൊ തുളുമ്പുന്നു
കാറ്റിന്നുത്സവമായ്‌ പാറുന്നു ലോകമെങ്ങും!
********************************

Sunday, April 3, 2011

പൂക്കാവടി - 4

1.അഹം
----------
അഹം ഭാവം ആപത്ത്‌
അഹം ബോധം സമ്പത്ത്‌

2.മഹാഭാരതം
----------------
പലവഴി വരുമൊരു കഥയല്ലൊ
പാരാകെ പോരും മിഴിവല്ലൊ
കാച്ചിക്കുറുക്കിയാല്‍ പൊരുളൊന്നേ ചൊല്‍വൂ:
ധര്‍മ്മമൂട്ടും കര്‍മ്മം ചെയ്‌വതേ രക്ഷ.

3.മാങ്ങാപ്പൂള്‌
---------------
മാങ്ങാപ്പൂള്‌ കൊതിപ്പൂള്‌
കാക്ക കൊത്തി പറ പറന്നു
കൊതിയൂറി വെള്ളമിറക്കി
കുഞ്ഞാമിന പിറു പിറുത്തു..

4.ആനച്ചമയം
-----------------
ആനച്ചമയം കണ്ടു കണ്ട്‌
ആലവട്ടത്തിലൊന്നു തൊട്ടൂ ഞാന്‍
വെണ്‍ചാമരം വിരിഞ്ഞു, ഉള്ളിലൊരു
പാഞ്ചാരിമേളമുയര്‍ന്നു.. !

5.പഠനം
-----------
കളിയില്ല ചിരിയില്ല
കുഞ്ഞുങ്ങളൊക്കെ വൃദ്ധന്‍മാര്‍
പഠിച്ച്‌ പഠിച്ച്‌ നാളെയവരീ-
നാടിന്‍ പാരകളാകൂലേ... !
**************************