Saturday, September 24, 2011

അനന്തപത്മനാഭനു് ചെമ്പൈ സംഗീത പുരസ്കാരം

വിഖ്യാത വീണാവിദ്വാന്‍ ശ്രീ. എ.അനന്തപത്മനാഭനു് ചെമ്പൈ  സംഗീത പുരസ്കാരം ലഭിച്ചിരിക്കുനു. ഏറെ സന്തോഷകരമായ വാര്‍ത്ത! അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രം  ആരുമല്ലെങ്കിലും ഒരു എളിയ ആരാധകന്‍റെ ഭക്തിപൂര്‍വ്വമായ പൂച്ചെണ്ട്‌ സവിനയം സമര്‍പ്പിക്കട്ടെ.

ദക്ഷിണേന്ത്യയില്‍ ജീവിച്ചിരിക്കുന്ന വൈണികരില്‍ പ്രമുഖനാണു് ശ്രീ അനന്തപത്മനാഭന്‍. അദ്ദേഹം പത്താം വയസ്സില്‍ തുടങ്ങിയതാണ് വീണോപാസന . ഇതിനകം സ്വദേശത്തും വിദേശത്തുമായി  ആയിരത്തില്‍പ്പരം വേദികളില്‍ കച്ചേരി നടത്തിയിട്ടുണ്ട്‌. 1975 മുതല്‍ തൃശ്ശൂര്‍ ആകാശവാണിയിലായിരുന്നു. രണ്ടു മാസം മുമ്പാണു് വിരമിച്ചത്‌.

ക്ളാസ്സിക്കല്‍ സംഗീതത്തിന്‍റെ ഉപാസകനാണെങ്കിലും ലളിത സംഗീതത്തേയും സിനിമാ ഗാനങ്ങളേയും അദ്ദേഹം അതീവ താല്‍പര്യത്തോടെയാണു സമീപിച്ചുകൊണ്ടിരിക്കുന്നത്‌. ആകാശവാണിയിലെ ലളിത സംഗീത പാഠങ്ങള്‍ വഴിയും മറ്റും ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. ‌.

ലാളിത്യത്തിന്റെയും വിനയത്തിന്റെയും ഉല്‍ക്കര്‍ഷ ഭാവങ്ങള്‍ക്കുടമയാണ് ശ്രീ. അനന്ത പത്മനാഭന്‍ . അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക്  ഉദാത്ത സംഗീതത്തിന്റെ നിറ സുഷുപ്തിപോലെ  അതനുഭവപ്പെട്ടിട്ടുണ്ടാകും. ബാബുരാജിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഒരു ആല്‍ബത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനവസരം കിട്ടിയപ്പോള്‍   ഈ എളിയവന് ആ മഹാഭാഗ്യം  ലഭിച്ച്ചിട്ടുണ്ട്‌. ധന്യതയോടെ ഞാനതെന്നും ഓര്‍ക്കുന്നു.

(പ്രണാമത്തി ലെ ഗാനങ്ങള്‍ പരിചയപ്പെടുന്നതിനു ഈ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.http://www.malayalasangeetham.info/php/createAlbumSongIndex.php?txt=ananthapadmanabhan&stype=musician&similar=on&ഇന്റര്‍)

Friday, September 2, 2011

ഗാനസര്‍വ്വസ്വം വിരല്‍ത്തുമ്പില്‍

പരമ്പരാഗത സാഹിത്യ - സംഗീത സാമ്രാട്ടുകള്‍ ചലച്ചിത്ര - ലളിതഗാന മേഖലയെ ഒരു തരം അസ്പൃശ്യതയോടെയാണു് നോക്കിക്കണ്ടിരുന്നത്‌. കവി ഗാനങ്ങളെഴുതിയാല്‍ കവിയല്ലാതായിപ്പോകും എന്ന മൂഢധാരണ പോലുമുണ്ടായിരുന്നു അവരില്‍ ചിലര്‍ക്ക്‌. ഈ അടുത്ത കാലത്താണു് അതിനു മാറ്റം വന്നു തുടങ്ങിയത്‌. എങ്കിലും ഗാനങ്ങള്‍ക്ക്‌ അച്ചടിയില്‍ ഒരു എന്‍സൈക്ളോപീഡിയ എന്നതിനെക്കുറിച്ച്‌ ഇതുവരെ ആരും ചിന്തിച്ചിട്ടുപോലുമില്ല. ആ കുറവ്‌ നിക<ത്താന്‍ ഇതാ സൈബര്‍ രംഗം M.S.I എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന.malayalasangeetham.info എന്ന വെബ് സൈറ്റുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ മലയാള ഗാന എന്‍സൈക്ളോപീഡിയയാണു എം.എസ്‌.ഐ ലക്ഷ്യമിടുന്നത്

അമേരിക്കയിലെ കൊളറാഡോയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന അജയ്‌ മേനോനാണു ഈ ആശയത്തിനു ബീജാവാപം നല്‍കിയത്‌. സംഗീതപ്രേമിയായ അദ്ദേഹം ഒഴിവു സമയ വിനോദം എന്ന നിലയിലാണു് സ്വന്തം കമ്പ്യൂട്ടറില്‍ മലയാള ഗാന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്‌. ഒരു ഘട്ടമെത്തിയപ്പോള്‍ ഇത്‌ തന്‍റെ സ്വകാര്യതയില്‍ ഒതുക്കിയാല്‍ പോര, പൊതു സമൂഹത്തിനുകൂടി ഉപകാരപ്പെടണം എന്നദ്ദേഹത്തിനു തോന്നി. അതിനു താന്‍ മാത്രം പോര, ലോകത്തെങ്ങുമുള്ള സമാന മനസ്കരുടെ സഹകരണം കൂടി വേണം എന്നദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണു 2001ല്‍ അജയ്മേനോന്‍ സ്വകാര്യമായി തുടങ്ങിയ സംരംഭം 2006ല്‍ എത്തിയപ്പോള്‍ ഈ രംഗത്തെ മികച്ച ഒരു കൂട്ടായ്മയായി വളര്‍ന്നത്‌. എം.എസ്‌.ഐ ഇന്ന്‌ ഇന്ത്യയിലെ തന്നെ എറ്റവും ബൃഹത്തായ സംഗീത വിവര ശേഖര സംരംഭമാണു്. 150ല്‍പ്പരം രാജ്യങ്ങളിലായി ദിനം പ്രതി എകദേശം മുപ്പതാനായിരത്തോളം സംഗീതപ്രേമികളാണു് ഇന്ന്‌ ഈ സൈറ്റ്‌ തേടിയെത്തുന്നത്‌ ..ടി.വി.ചാനലുകളും,റേഡിയോ നിലയങ്ങളും , സംഗീതാവതാരകരും മറ്റും ഗാന സംബന്ധിയായ വിവരങ്ങള്‍ക്കായി എം.എസ്‌.ഐയെയാണു ആശ്രയിക്കുന്നത്‌.

1939 മുതലുള്ള എതാണ്ടെല്ലാ ചലച്ചിത്ര ഗാനങ്ങളുടേയും വിവരങ്ങള്‍ ഇന്ന്‌ ഈ സൈറ്റില്‍ ലഭ്യമാണു്. .ചലച്ചിത്രേതര ഗാനങ്ങളുടെ പൈതൃകത്തേയും അവര്‍ അവഗണിക്കുന്നില്ല. അത്തരം ഗാനങ്ങളും തേടിപ്പിടിച്ച്‌ വിശദാംശങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്നതില്‍ വ്യാപൃതരാണു് ഈ കൂട്ടായ്മയിലെ അംഗങ്ങളിന്ന്‌ . സിനിമാ - ആല്‍ബങ്ങളുടെ പേര്,ഇറങ്ങിയ വര്‍ഷം, ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,ആലാപകര്‍,രാഗം തുടങ്ങി ഒരോ ഗാനത്തിന്‍റേയും സര്‍വ്വതല സ്പര്‍ശിയായ വിവരങ്ങളും എം.എസ്‌.ഐ ക്ളിക്ക്‌ ചെയ്താല്‍ ലഭ്യമാകും. വായനയിലൂടെ മാത്രമല്ല,പല്ലവി നേരിട്ട്‌ കേട്ടും നമുക്ക്‌ പാട്ടുകളെപ്പറ്റിയുള്ള അറിവ്‌ സമഗ്രമാക്കാന്‍ എം.എസ്‌.ഐ. വഴിയൊരുക്കുന്നുണ്ട്‌. അതിനായി ഒരോ പാട്ടിന്‍റേയും ഓഡിയോ ക്ളിപ്പിങ്ങ്‌ പോസ്റ്റ്‌ ചെയ്യുന്നു. പകര്‍പ്പാവകാശ കാലപരിധി കഴിഞ്ഞ പഴയ പാട്ടുകള്‍ മുഴുവനായും സിനിമയിലെ മൂവി സീനടക്കം സൈറ്റിന്‍റെ യു.ട്യൂബിലൂടെ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്‌.

ഓരോ പാട്ടിനും ഓരോ പേജാണ് ‌ ഒരുക്കിയിരിക്കുന്നത്. ഗാനരചയിതാവ്‌, സംഗീത സംവിധായകന്‍, ഗായകര്‍ എന്നിവരുടെ പേരുകളിലൂടെയും സിനിമ - ആല്‍ബം എന്നിവയുടെ പേരുകളിലൂടെയും ഗാനങ്ങളുടെ ആദ്യാക്ഷരങ്ങളിലൂടേയും നാം അന്വേഷിക്കുന്ന പാട്ടുകളുടെ വിവരങ്ങള്‍ സൈറ്റിന്‍റെ സര്‍ച്ച്‌ ബോക്സിലൂടെ കിട്ടത്തക്ക രൂപത്തിലുള്ള ക്രമീകരണങ്ങളാണു് സജ്ജീകരിച്ചിട്ടുള്ളത്‌. ഗാന സ്രഷ്ടാക്കളുടെ പടങ്ങളും ഒരോ പാട്ട്‌ പേജിലും പ്രദര്‍ശിപ്പിക്കുന്നു

വളരെ ശ്രമകരമായ ജോലിയാണു് ഗാനങ്ങളുടെ വിവര ശേഖരണവും അതിന്‍റെ ക്രമാനുഗതമായ പോസ്റ്റിങ്ങും. യാതൊരു പ്രതിഫലവും കൂടാതെ,തികച്ചും സേവനസന്നദ്ധരരായി ലോകത്തിന്‍റെ എതൊക്കെയോ കോണുകളിലിരുന്നു് ഒരു പറ്റം സംഗീത പ്രേമികള്‍ ഈ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

സത്യന്‍ അന്തിക്കാടാണു എം.എസ്‌.ഐ.യുടെ രക്ഷാധികാരി. ബഹറൈനിലുള്ള രാജഗോപാല്‍ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണു്. ബി.വിജയകുമാര്‍,രവിമേനോന്‍, ടി.പി.ശാസ്താമംഗലം.,ഡോ:പ്രിയ കൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരാണു് ഉപദേശകസമിതിയംഗങ്ങള്‍ .പിന്നെ കണ്‍സള്‍ട്ടന്‍റുമാര്‍..അവരാണ് സൈറ്റിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകള്‍. ഇതുകൂടാതെ ഇരുന്നൂറിലധികം പേരുള്ള എം.എസ്‌.ഐ ഗ്രൂപ്പ്‌ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു.

തപ്പാന്‍ കുത്ത്‌ പാട്ടുകളുടെ അപകടം അകന്നുകൊണ്ടിരിക്കുകയാണു്. നല്ല പാട്ടുകളുടേ ചന്ദ്രലേഖ മാനത്ത്‌ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ശുഭസൂചകമായകമായ ഈ വേളയിലാണു് ഗാനസര്‍വ്വസ്വവും വിരല്‍ത്തുമ്പിലെത്തിക്കുന്ന വെബ്സൈറ്റ്‌ സേവന പഥത്തിലെത്തിയിരിക്കുന്നത്‌. മലയാളികളുടെ മനസ്സ്‌ പുഷ്കലമാകുവാന്‍ എം.എസ്‌.ഐ ചെറുതല്ലാത്ത പങ്ക്‌ വഹിക്കും, തീര്‍ച്ച.