Wednesday, July 8, 2009

പ്രേമലേഖനം

കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു, ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണതയാണു ഈ ഗാനത്തിന്റെ പ്രമേയം. ഹിന്ദോള രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത്‌ : സുജാത.

പ്രേമലേഖനം
***********

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം!

ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!

Thursday, July 2, 2009

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'

സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^

Wednesday, July 1, 2009

ശശിനാസ്‌

മഹാ സമുദ്രത്തിന്റെ അപാരത പോലെ അളവില്ലാത്തൊരു പ്രണയ നഷ്ടമാണ് ബഷീറിന്റെ 'ശശിനാസ്'. ജി.വേണുഗോപാലിന്റെ ആര്‍ദ്രമായ ശബ്ദത്തിലാണ് ഈ ഗാനം ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ശശിനാസ്
********
ശശിനാസ്.... ഓ...ശശിനാസ്
സാന്ദ്രമാം സാഗര നീലിമയില്‍
താനേ നീ മറഞ്ഞു പോയതെന്തേ..
എന്റെ പുലരിയും സന്ധ്യയുമെല്ലാം
ഇരുളാല്‍ മൂടിയതെന്തേ.. നീ
ഇരുളാല്‍ മൂടിയതെന്തേ...
ശശിനാസ്..... ഓ.. ശശിനാസ്‌..

ഊഷരമാമെന്‍ ഹ്രുദയതടത്തില്‍
ഒരു പ്രഭാത പുഷ്പമായ് നീ വിടര്‍ന്നു..
നിന്നരുമയാം ദള‍ങ്ങളില്‍ മിന്നും
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു _ ഞാനൊരു
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു...

കാളും കനലാണു നിന്നകമെങ്കിലും
തെളി പൊന്നാക്കി ഞാനത് മാറ്റിയേനേ...
അപരാധിയല്ലോമനേ നീയെനിക്കെന്നും
അനാഘ്രാത കുസുമമല്ലോ....
ശശി നാസ് . ..ഓ.. ശശിനാസ്‌...
^^^^^^^^^^

Tuesday, June 30, 2009

പൂവമ്പഴം

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ...
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...
ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...
ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^

Thursday, June 25, 2009

പാത്തുമ്മായുടെ ആട്

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' . ഗാനം പാടിയത് : ഫ്രാങ്കൊ .

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ട്ടപോ..ട്ടപോ...

ആട് പെറ്റൊരു ചെറു കുഞ്ഞു.. പീക്കിരിയായൊരു പൊന്‍ കുഞ്ഞു..
പെറണു മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^

മതിലുകള്‍

സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന് . മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.

മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....

അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....

നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^