Thursday, September 24, 2009

'നടുവം' കവികള്‍

ചാലക്കുടി പുഴയോരം. പുഴയോരത്ത്‌ 'നടുവം' മന. പത്തൊന്‍പതാം നൂറ്റാണ്ടിണ്റ്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിണ്റ്റെ ആദ്യ പകുതിയിലുമായി അവിടെ രണ്ടു പ്രതിഭകള്‍ ജീവിച്ചിരുന്നു. ഒരച്ഛനും മകനും! അച്ഛന്‍ നന്വൂതിരി 1841ലും മഹന്‍ നന്വൂതിരി 1868ലും ജനിച്ചു.1913ല്‍ അച്ഛന്‍ നന്വൂതിരിയും 1944ല്‍ മഹന്‍ നന്വൂതിരിയും നിര്യാതരായി.കവിതകള്‍ക്കു പുറമെ ഭാഷാ നാടകങ്ങളും സംസ്ക്രുതത്തില്‍ നിന്നുള്ള മൊഴിമാറ്റങ്ങളും ഇവരുടേതായിട്ടുണ്ട്.അച്ഛന്‍ നന്വൂതിരിയുടെ പ്രധാന കൃതികള്‍ :ഭഗവദ്ദൂത്,അഷ്ടമിയാത്ര, അംബോപദേശം,ശ്രൃഗേരിയാത്ര,ഭഗവല്‍സ്തുതി,അക്രൂരഗോപാലം. മഹന്‍ നന്വൂതിരിയുടേത് സാരോപദേശം, ഘോഷയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കാവിലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങള്‍, സന്താനഗോപാലം, മഹാത്മഗാന്ധിയുടെ ആശ്രമപ്രവേശം, ഗാന്ധി(മഹാത്മ),ഭക്തിലഹരി എന്നിവയാണ് .മലയാള കാവ്യാംഗനയെ സംസ്കൃതത്തിണ്റ്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിച്ചവരാണവര്‍.വെണ്മണിക്കവികളുടെ പാത പിന്‍പറ്റിയവര്‍. എല്ലാ വര്‍ഷവും ചാലക്കുടിയിലെ സംസ്കാരിക പ്രവര്‍ത്തകരുട്ടെ കൂട്ടായ്മ ആ പ്രതിഭാധനരെ അനുസ്മരിക്കാറുണ്ട്‌. ഈ വര്‍ഷത്തെ ഒത്തുചേരലില്‍ അവതരിപ്പിച്ച കവിതാശകലം.

നടുവം കവികള്‍.
**********
കര്‍ക്കിടം തിടം വെച്ച രാ'ഗര്‍ത്തങ്ങളില്‍
കൊടും പേമാരി കലിതുള്ളിയലറവെ-
കൂലം കുത്തിയൊഴുകുന്ന കാട്ടാറുപോലെ
കാലം തുടലും പൊട്ടിച്ചതാ പാഞ്ഞുപോയി..
എന്നിട്ടും തളിര്‍ നീട്ടുമീ പച്ചത്തുരുത്തില്‍
എന്നും പരിമളം പരത്തുമാ പൂവുകള്‍...
ആത്മാവില്‍ ശാന്തി... അകമേ നിറ വിഭൂതി
അമൃത സാരസ്യമാണാ കാവ്യശീലുകള്‍..
മലയാണ്‍മ തന്‍ മയൂഖങ്ങളാം 'നടുവം'
മമ നാടിന്നവരിന്‍ ഓര്‍മ്മയില്‍ നമിപ്പൂ....
*********

Tuesday, August 18, 2009

കുറത്തി ത്തീ....

'കുറത്തി'യില്ലാതെ 'കടമ്മനിട്ട'യില്ല. 'കുറത്തി' ആത്മാവും 'കടമ്മനിട്ട' ശരീരവുമായിരുന്നു.ജഡത്വം ബാധിച്ച ശരീരം ആളുന്ന അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ആത്മാവിനത് പൊറുക്കാനായില്ല.അത് തീയില്‍ നിന്നും തീ ഖഡ്ഗങ്ങളായി ജ്വലിച്ചുയര്‍ന്നു. തീയുടെ മേല്‍ തീ കനം വെച്ചു. തീക്കാട്ടില്‍‍ നിന്നും ദിഗന്തം പൊട്ടുമാറുള്ള ഗര്‍ജ്ജനങ്ങളുയര്‍ന്നു :



കുറത്തി ത്തീ...
**********
പട്ടടയില്‍ നിന്നതാ കുറത്തിതുള്ളുന്നു
പിന്നെയും പിന്നെയും തീ തുപ്പിയലറുന്നു:
ആരാണാരാണെന്‍ ഗുരുവെ ചുട്ടു കരിപ്പൂ..
ആളുമീ നാമ്പാണെ സത്യം, വിടുകില്ല ഞാന്‍


പത്തം തികയാതെ, പേറ്റിച്ചിയില്ലാതെ
പെറ്റതാമമ്മ കൊടും ചാവിലമര്‍ന്ന നാള്‍
കരിലാഞ്വിക്കാട്ടിലും കടമ്മന്റെ കാവിലും
കാക്ക കൊത്തിപ്പറക്കാതെ കാത്തവന്‍...
എന്റെ നെഞ്വകം നേരിന്‍ ചോര നിറച്ചവന്‍
എന്റെ കൈകളില്‍ പോരിന്‍ പന്തം പകുത്തവന്‍
എന്റെ കണ്‍കളിന്‍ സൌര ഗോളങ്ങള്‍ തീര്‍ത്തവന്‍
എന്റെ നാവില്‍ കാളീ ഗര്‍ജ്ജനം കുറിച്ചവന്‍...


അവനെയാരീ മട്ടില്‍ ചുട്ടു കരിപ്പൂ...
ആളുമീ നാമ്പാണേ സത്യം, വിടുകില്ല ഞാന്‍
----------------

Wednesday, July 8, 2009

പ്രേമലേഖനം

കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു, ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണതയാണു ഈ ഗാനത്തിന്റെ പ്രമേയം. ഹിന്ദോള രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത്‌ : സുജാത.

പ്രേമലേഖനം
***********

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം!

ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!

Thursday, July 2, 2009

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'

സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^

Wednesday, July 1, 2009

ശശിനാസ്‌

മഹാ സമുദ്രത്തിന്റെ അപാരത പോലെ അളവില്ലാത്തൊരു പ്രണയ നഷ്ടമാണ് ബഷീറിന്റെ 'ശശിനാസ്'. ജി.വേണുഗോപാലിന്റെ ആര്‍ദ്രമായ ശബ്ദത്തിലാണ് ഈ ഗാനം ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ശശിനാസ്
********
ശശിനാസ്.... ഓ...ശശിനാസ്
സാന്ദ്രമാം സാഗര നീലിമയില്‍
താനേ നീ മറഞ്ഞു പോയതെന്തേ..
എന്റെ പുലരിയും സന്ധ്യയുമെല്ലാം
ഇരുളാല്‍ മൂടിയതെന്തേ.. നീ
ഇരുളാല്‍ മൂടിയതെന്തേ...
ശശിനാസ്..... ഓ.. ശശിനാസ്‌..

ഊഷരമാമെന്‍ ഹ്രുദയതടത്തില്‍
ഒരു പ്രഭാത പുഷ്പമായ് നീ വിടര്‍ന്നു..
നിന്നരുമയാം ദള‍ങ്ങളില്‍ മിന്നും
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു _ ഞാനൊരു
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു...

കാളും കനലാണു നിന്നകമെങ്കിലും
തെളി പൊന്നാക്കി ഞാനത് മാറ്റിയേനേ...
അപരാധിയല്ലോമനേ നീയെനിക്കെന്നും
അനാഘ്രാത കുസുമമല്ലോ....
ശശി നാസ് . ..ഓ.. ശശിനാസ്‌...
^^^^^^^^^^

Tuesday, June 30, 2009

പൂവമ്പഴം

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ...
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...
ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...
ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^