Wednesday, January 27, 2010

പ്രഭാത പുഷ്പം

പുലര്‍കാലമഞ്ഞിന്‍ കുളിരിളം തറ്റുടുത്ത
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?

തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?

രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

Thursday, January 21, 2010

എം.എസ്.ജന്മശതാബ്ദി.

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തില്‍ ത്യാഗോജ്ജ്വല പങ്കു വഹിച്ച പോരാളിയായിരുന്നു എം.എസ്. നമ്പൂതിരി എന്ന എം.എസ്.കൃഷ്ണന്‍ നമ്പൂതിരി.നാടക-കലാ രംഗങ്ങളാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്ത പാത.'ഋതുമതി','അടുക്കളയിനിന്ന്‍ അരങ്ങത്തേക്ക്', 'മറക്കുടക്കുള്ളിലെ മഹാ നരകം' തുടങ്ങിയ ഈ ദിശയിലുള്ള നാടകങ്ങളിലെല്ലാം അദ്ദേഹം പ്രധാന വേഷങ്ങളണിഞ്ഞു . ‍തുടര്‍ന്ന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണിനിരന്നുകൊണ്ട് പൊതു മാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി. ഇവിടെയും നാടകാദി കലകളായിരുന്നു മുഖ്യമായ പ്രവര്‍ത്തന മേഖല. ചെറുകാടിന്റെ 'നമ്മളൊന്ന്‍' എന്ന വ്യഖ്യാത നാടകത്തിലെ വേഷം മുന്നേറ്റത്തിനുള്ള വഴികാട്ടിയായി. പിന്നീട് പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1964ല്‍ 'കാട്ടുതുളസി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 'ഇരുട്ടിന്റെ ആത്മാവ്','പകല്‍ക്കിനാവ്', നിര്‍മ്മാല്യം', പ്രയാണം','ഗുരുവായൂര്‍ കേശവന്‍' എന്നിവയാണ് മറ്റു സിനിമകള്‍.

എം.എസിന്റെ ജനനം കൊരട്ടിയിലായിരുന്നെങ്കിലും നിര്‍ണ്ണായകമായ പ്രവര്‍ത്തന കാലഘട്ടങ്ങളിലെല്ലാം അദ്ദേഹം വസിച്ചിരുന്നത് ഇരിങ്ങാലക്കുടയിലെ മണ്ണിലായിരുന്നു. 2010 എം.എസിന്റെ ജന്മശതാബ്ദി വര്‍ഷമാണ്. പുരോഗന കലാസാഹിത്യ സംഘം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലം വിപുലമായ പരിപാടികളോടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ജനുവരി 24ന് ഇരിങ്ങാലക്കുട എസ്.എന്‍.ക്ലബ്ബ് ഹാളില്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. പ്രസിദ്ധ കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ടുമായ അശോകന്‍ ചരുവിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ വെച്ച് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണാമൂര്‍ത്തിയാണു ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. പദ്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ മുഖ്യാതിഥിയായിരിക്കും. പ്രൊഫ:മാമ്പുഴ കുമാരന്‍ എംഎസ്.അനുസ്മരണ പ്രഭാഷണം നത്തും. ബേബിജോണ്‍, പ്രൊഫ:ജോര്‍ജ്ജ് എസ്.പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന്‍ എം.എസ്.ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ചാലക്കുടി 'ബാബുരാജ് ഫോറം ഫോര്‍ മെലഡീസ' അവതരിപ്പിക്കുന്ന മെലഡി ഗാനമേളയും ഉണ്ടാകും.

ഫെബ്രുവരി മുതല്‍ വിവിധ ഗ്രന്ഥാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് എം.എസ്.അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുവാനും മാര്‍ച്ച് 28ന് 100-ം ജന്മദിനം കൊരട്ടിയില്‍ വെച്ച് അഘോഷിക്കുവാനും മെയ് മാസത്തില്‍ പഴയ കാല സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടേയും കുടുംബാംഗങ്ങളുടേയും സംഗമം തൃശ്ശൂരില്‍ വെച്ച് നടത്തുവാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. ഡിസംബറില്‍ വിപുലമായ പരിപാടികളോടെ സമാപനം നടത്തുവാനും അതിനോടനുബന്ധിച്ച് 'നമ്മളൊന്ന്‍' നാടകം അവതരിപ്പിക്കുവാനും പരിപാടിയുണ്ട്. ജനമശതാബ്ദിയുടെ ഭാഗമായി ഒരു സൂവനീര്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.‍

Friday, January 15, 2010

ചെമ്പരത്തിപ്പൂവും കരളും

(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).

മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്

ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള് ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്..'
കരള് ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '

കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന്‍ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!

(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************