Tuesday, May 31, 2011

നിലാവെളിച്ചം(ആല്‍ബം) മറ്റു ഗാനങ്ങള്‍

1.ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!
2.'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'
സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^


Monday, May 16, 2011

പ്രേമലേഖനം


രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വ്യഖാതമായ ചില കഥകളെ ആസ്പദമാക്കി 'നിലാവെളിച്ചം' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. അതിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചത്‌ ഈ എളിയവനാണ്‌. ബഷീറിനെത്തൊടാന്‍ അന്ന് എനിക്കെങ്ങനെ ധൈര്യം വന്നു എന്ന് ഞാന്‍ പിന്നീട്‌ പലപ്പോഴും മാറിയിരുന്ന് ചിന്തിച്ച്‌ വിറച്ചിട്ടുണ്ട്‌. ആ വിറയലില്‍ നിന്നും ഞാനിപ്പോഴും മുക്തനല്ല.

'നിലാവെളിച്ച'ത്തിലെ ഗാങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ഞാനീ ബ്ളോഗിന്‌ തുടക്കം കുറിച്ചത്‌. പുതിയ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി അതിലെ ഒരു ഗാനത്തിണ്റ്റെ വരികള്‍ വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു.

പ്രേമലേഖനം
------------
(കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു,ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണഭാവം ആവിഷ്ക്കരിക്കാനാണ്‌ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. ഹിന്ദോള രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ അസീസ്‌ ബാവ. ആലാപനം : സുജാത.)

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹൃദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം..!
*****************************