Tuesday, October 20, 2009

വിരിയണം വീണ്ടും മെലഡിയുടെ വസന്തം

ബാബുരാജിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ കുറെ സംഗീത പ്രേമികള്‍ ചാലക്കുടിയില്‍ ഒത്തുകൂടുകയുണ്ടായി. രണ്ടു മൂന്നു മണിക്കൂര്‍ ബാബുരാജ് സ്മരണകളും പാട്ടുകളുമായി അവിടെ ഞങ്ങള്‍ ചെലവഴിച്ചു. ആ സംഗമത്തില്‍ ഉയര്‍ന്നു വന്ന ആശയമാണു 'ബാബുരാജ് ഫോറം ഫോര്‍ മെലഡീസ്' എന്ന സംഘടന.

ബാബുരാജിന്റെ സംഗീതവും ജീവിതവും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,മെലഡീയുടെ സൌന്ദര്യത്തിലേക്ക് ഒരു തിരിച്ചു പോക്കിനു കളമൊരുക്കുക, മെലഡി ഗാനങ്ങളുടെ രചന- സംഗീതം-ആലാപനം എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയാണു സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍.

പ്രസിദ്ധ വീണ വിദ്വാന്‍ എ.അനന്ത പത്മനാഭ സ്വാമി രക്ഷാധികാരിയായുള്ള സംഘടനയുടെ ചെയര്‍മാന്‍ എം.കെ.ഉബൈദുള്ളയും കണ്‍വീനര്‍ ഡോ: സി.സി.ബാബുവും, ട്രഷറര്‍ അസീസ് ചാലക്കുടിയുമാണു. ഖാദര്‍ പട്ടേപ്പാടം, കെ.വി. അനില്‍കുമാര്‍ എന്നിവരാണു കോ-ഓര്‍ഡിനേറ്റര്‍മാര്‍.

ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെലഡി അവതരിപ്പിക്കുന്നതിനു മാത്രമായി ഒരു ഓര്‍ക്കസ്ട്ര ട്രൂപ് സംഘടിപ്പിച്ചു കഴിഞ്ഞു. അന്നമനട ബാബുരാജ്, പരമന്‍ അന്നമനട എന്നിവര്‍ക്കാണു ഇതിന്റെ ചുമതല. ബാബുരാജിനെപ്പറ്റി ഏതാനും പാട്ടുകളും ബാബുരാജിന്റെ പ്രസിദ്ധങ്ങളായ ചില പാട്ടുകളുടെ ഇന്‍സ്ട്രുന്മെന്റ്റല്‍ വായനയും ഉള്‍പ്പെടുത്തി ഒരു ആല്‍ബം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എ.അനന്ത പത്മനാഭ സ്വാമിയാണു ഇത് ചിട്ടപ്പെടുത്തുന്നത്.

ഫോറവുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9288147061,9946634611 എന്നീ നംബറുകളില്‍ വിളിക്കാവുന്നതാണു.
***********************************************************

പലരുടേയും ആവശ്യം കണക്കിലെടുത്ത് ബാബുരാജിന്റെ ഏതാനും സിനിമകളുടെ പേരുകളും പാട്ടുകളും ചുവടെ കൊടുക്കുന്നു:

സിനിമകള്‍:- മിന്നാമിനുങ്ങ്, ഉമ്മ, ലൈലാമജ്നു,കണ്ടം ബെച്ച കോട്ട്, കുട്ടിക്കുപ്പായം,കാട്ടുതുളസി, പാലാട്ടുകോമന്‍,തച്ചോളി ഒതേനന്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സുബൈദ,യത്തീം, മൂടുപടം,അമ്മു,കദീജ,ഉദ്യോഗസ്ഥ,കാര്‍ത്തിക, അഞ്വു സുന്ദരികള്‍,പ്രിയ സ്രുഷ്ടി,ക്രിമിനല്‍സ്,കുപ്പിവള,കറുത്ത കൈ,ലക്ഷ പ്രഭു, അഴിമുഖം,സരസ്വതി,ലൌ ഇന്‍ കേരള,വിരുന്നുകാരി, ഭാര്‍ഗവീ നിലയം,ഭാഗ്യജാതകം,ഇരുട്ടിന്റെ ആത്മാവ്,അന്വേഷിച്ചു;കണ്ടെത്തിയില്ല,അന്വലപ്രാവ്,മനസ്വിനി,സ്ത്രീ,അനാഥ,ഓപ്പോള്‍,യത്തീം,മിസ്ടര്‍ കേരള, തറവാട്ടമ്മ, പരീക്ഷ, ദ്വീപ്‌ (ലിസ്റ്റ്‌ തികച്ചും അപൂര്‍ണ്ണം)

പെട്ടെന്നു ഓര്‍മ്മയില്‍ വന്ന ചില പാട്ടുകള്‍:- കദളിവാഴക്കയ്യിലിരുന്നു..,കണ്ണീരാലെന്‍ ജീവിത കഥ.., കൂട്ടിനിളം കിളി..,പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ ‍,ഒരു പുഷ്പം മാത്രമെന്‍..,അന്നു നിന്റെ നുണക്കുഴി.., ഇക്കരെയാണെന്റെ താമസം..,താമരക്കുന്വിളല്ലോ മമ ഹ്രുദയം.., പാലാണു തേനാണെന്‍ ഖല്‍ബിലെ.., എന്‍ കണ്ണിന്റെ കടവിലടുത്താല്‍.., ആദിയില്‍ ‍വചനമുണ്ടായി..,മാമലകള്‍ക്കപ്പുറത്ത്..,സൂര്യകാന്തീ..സൂര്യകാന്തീ...,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടോരു പെണ്ണു..,തുളസി...തുളസീ..വിളി കേള്‍ക്കൂ..,ഇണക്കുയിലേ..ഇണക്കുയിലേ..ഇനിയെവിടെ കൂടു കൂട്ടും.., തളിരിട്ട കിനാക്കള്‍ തന്‍...,മൈലാഞ്ജി തോപ്പില്‍.., താമസമെന്തേ വരുവാന്‍..., ഏകാന്ത്തയുടെ അപാര തീരം.., ഒരു കൊട്ട പൊന്നുണ്ടല്ലൊ..,വെളുക്കുന്വം കുളിക്കുവാന്‍.., പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു...,വിരുന്നു വരും..വിരുന്നു വരും..,ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു.., അറബിക്കടലൊരു മണവാളന്‍..,പൊന്‍ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും..,പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്.., സുറുമയെഴുതിയ മിഴികളേ.., താനേ തിരിഞ്ഞും മറിഞ്ഞും..,കേശാദി പാദം..,വാസന്ത പഞ്ജമി നാളില്‍.., അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..,ഒരു കൊച്ചു സ്വപ്നത്തിന്‍...,എന്‍ പ്രാണ നായകനെ എന്തു വിളി‍ക്കും..,അകലെയകലെ നീലാകാശം.., കടലേ..നീലക്കടലേ..,അഞ്ജനെക്കണ്ണെഴുതീ..,കൊട്ടും ഞാന്‍ കേട്ടില്ല..,ഇന്നലെ മയങ്ങുമ്പോള്‍...,കണ്മണീ നീയെന്‍ കരം പിടിച്ചാല്‍.., വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ..,ഈറനുടുത്തുംകൊണ്ടന്വലം ചുറ്റുന്ന..,ഇരു കണ്ണീര്‍ തുള്ളികളൊരു.., ..,മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു..,ഉടലുകളറിയാതുയിരുകള്‍ രണ്ടും..,കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും..,ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..., അന്വലമുറ്റത്തെ ആല്‍ത്തറയില്‍..,ഏറ്റുമാനൂരന്വലത്തില്‍ എഴുന്നെള്ളത്ത്..,കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായി വന്നവന്‍ ഞാന്‍..,തെളിഞ്ഞു പ്രേമ യമുന വീണ്ടും..ദു:ഖള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തൂ.. (........................)
***********************************************************

Saturday, October 3, 2009

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തൊന്നു വര്‍ഷം തികയുകയാണു.വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നുണ്ട്‌.പക്ഷെ അദ്ദേഹമാണു കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുന്‍പ്‌ ഒരനുഭവമുണ്ടായിു.ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വെദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു."
അവളുടെ മുഖത്ത്‌ നേരിയ ജാള്യത.
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
ബാബുരാജിന്‍റെ ചില പാട്ടുകള്‍ അവള്‍ക്ക്‌ ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടൂകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവ്ളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണന്ന്‍ അവരറിയാതെ പോകുന്നു.

വെറും 673 പാട്ടുകള്‍. അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ അറുന്നൂറ്റി എഴുപത്തി മൂന്നില്‍ ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു ഈ ഗാനങ്ങ്ളോരൊന്നും പ്രദാനം ചെയ്യുന്നത്.
ത്സംഗീതത്തിണ്റ്റെ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു.പൈത്രുക സമ്പത്തായി അതു വന്നുഭവിക്കുകയായിരുന്നു.

ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു ഇറങ്ങിയത്‌. വിശപ്പു മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല.പാടുക, പാടിത്തീരുക എന്നത്‌ തണ്റ്റെ നിയോഗമാണു എന്ന ബോധമാണൂ അദ്ദേഹത്തെ നയിച്ചിരുന്നത്‌.അങ്ങനെ സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാദ്ദേഹം പാടി. പാട്ടുകളിലൂടെ തന്‍റെ ഹ്രുദയം ജനങ്ങള്‍ക്കായി അദ്ദേഹം പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹ്രുദയങ്ങളുടെ ഒരു ഭാഗമായി ബാബുരാജ്‌ താനേ മാറുകയായിരുന്നു.
********************************************