Saturday, November 24, 2012

പീജി

ആകാശത്തെവിടെയോ ഒരു തിളക്കം
അഭൌമമാം കാന്തി തൻ വെളിച്ചം
നക്ഷത്രമല്ലത്, തൂ മേഘക്കീറുമല്ല
പിജിയാണത,റിവിൻ അമരക്കാരൻ 

Friday, October 26, 2012

ഒരു പെരുന്നാൾ വിശേഷം


1964ലെ വലിയ പെരുന്നാൾ. അന്നെനിക്ക് പ്രായം  പതിമൂന്ന്  നടപ്പ്.

 പെരുന്നാളിന്‌  പുതിയ ഉടുപുടവുകളൊന്നുമില്ല.   ആകെ നിലവിലുണ്ടായിരുന്നത്
ഒരു ജോഡി ജഗന്നാഥൻ മുണ്ടും അരക്കയ്യൻ കുപ്പായവുമാണ്‌. അതിലൊന്നു  പിന്നിത്തുടങ്ങിയിരുന്നു .നല്ല മുണ്ടും കുപ്പായവും ഉമ്മ പെരുന്നാളിനു രണ്ടു ദിവസം മുമ്പേ   ചാരം  വെള്ളത്തിലിട്ടുവെച്ചു.
പിറ്റേ ദിവസം അലക്കിത്തിരുമ്മി കുട്ടപ്പനാക്കി  ഇനി ഇസ്തിരിയിടണം. ഇസ്തിരിപ്പെട്ടിയില്ല. എന്റെ അടുത്ത കൂട്ടുകാരൻ എളീമയുടെ മകൻ അലിയാണു്.  അലി ഓട്ടുകിണ്ണം ഇസ്തിരിപ്പെട്ടിയാക്കി. അതിൽ ചിരട്ട കത്തിച്ചിട്ടു പഴംതുണികൊണ്ട്‌ വക്കിൽ പിടിച്ച്‌ നിലത്ത്‌ കടലാസിൽ നിവർത്തിയിട്ട  മുണ്ടും കുപ്പായവും  തേച്ചു  തന്നു.

പള്ളിയിലേക്ക്‌ മൂന്നു കിലോമീറ്റർ ദൂരമുണ്ട്. നടന്നു പോകണം.കുറേ ചങ്ങാതിമാരുണ്ടാകും. എല്ലാവരുംകൂടി പള്ളിയിൽ പോയി പെരുന്നാൾ നിസ്കരിച്ച് മടങ്ങിവരുമ്പോൾ വീട്ടിൽ സുന്ദരൻ പെരുന്നാൽ സദ്യ. അതിവിശിഷ്ട വിഭവമായി പപ്പടം വറുത്തതുണ്ടാകും. പിന്നെ മത്തങ്ങയും പയറും ഉടച്ച് കറിവെച്ചത്.. ചോറു് വയറ്‌ നിറച്ചുണ്ടാകും. പെരുന്നാൾ കുശാൽ!

 ഊണു കഴിഞ്ഞാൽ ഞങ്ങൾ,പിള്ളേർ,   കാലാപ്പാടത്ത്  ഒത്തുകൂടി തലപ്പന്ത് കളിക്കും. അതാണു പതിവ്   ഈ പെരുന്നാളിനു ഞാനും അലിയുംകൂടി പദ്ധതികൾ നേരത്തേ തയ്യാറാക്കിയിരുന്നു. ഇരിങ്ങാലക്കുയിലെ തിയേറ്ററിൽ 'കുട്ടിക്കുപ്പായം' സിനിമ കളിക്കുന്നുണ്ട്. അതിലെ പാട്ടുകളാണു്   ആളുകൾ ഇപ്പോൾ നാടാകെ പാടി നടക്കുന്നത്. കല്ല്യാണവീടുകളിലെ  പാട്ട്പെട്ടിയിൽനിന്നുയരുന്നതും മുഖ്യമായി ആ പാട്ടുകളാണു്. .   ‘ വിട്ടുപിടി പേത്താച്ചി...' എന്ന ബഹദൂറിന്റെ ഡയലോഗും കൊണ്ടാടപ്പെടുന്നുണ്ട്.

പെരുന്നാളിന്റന്ന് കുട്ടിക്കുപ്പായം മാറ്റിനി കാണാൻ പോകണം.  ഒരാൾക്ക്
അമ്പത് പൈസ വേണ്ടിവരും.പത്തും പത്തും ഇരുപത് പൈസ അങ്ങോട്ടുമിങ്ങോട്ടും ബസ്സിനു്. മുപ്പതു  പൈസ  സിനിമാടിക്കറ്റിനു്.   പൈസ എങ്ങനെയുണ്ടാക്കും...?.  അലി എങ്ങനെയൊക്കെയോ കൃത്യം പൈസ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്റെ കാര്യമാണ്‌ പ്രശ്നം.  തലപുകഞ്ഞാലോചിച്ച് അലി തന്നെ അതിനൊരു മാർഗ്ഗവും കണ്ടെത്തി പറഞ്ഞു തന്നു.
.വീട്ടിൽ  കോഴികളെ  വളർത്തുന്നുണ്ട് ഒരോദിവസവും കോഴിക്കൂട്ടിൽ മൂന്നു നാലു മുട്ടകളുണ്ടാകും. അഞ്ചു ദിവസം ഓരോ മുട്ട വീതം ആരും കാണാതെ അടിച്ചു മാറ്റുക.. അഞ്ചു മുട്ടകൾ വിറ്റാൽ അമ്പതു പൈസ കിട്ടും. കുട്ടിക്കുപ്പായം അടിപൊളിയാക്കാം.

അലി പറഞ്ഞപോലെ ഞാൻ കാര്യങ്ങൾ നീക്കി.ഏണിവെച്ചു കയറി കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ ഇസ്കി. കിട്ടുന്ന മുട്ടകൾ പുസ്തകം വെക്കുന്നപീഞ്ഞപ്പെട്ടിയിൽ ഒളിപ്പിച്ചുവെച്ചു .ദിവസവും ഉമ്മ പിറുപിറുത്തു
:’ബെലശനംകെട്ട  ഏതോ   കോയി   കാട്ടീപ്പോയീറ്റാ മൊട്ടേടണു്..‘.
പാവം ഉമ്മ.  മുട്ട  വിറ്റുകിട്ടുന്ന  കാശുകൊണ്ടാണു് വീട്ടിൽ ശർക്കരയും ചായലയും മറ്റ് ചില്ലറ സാധനങ്ങളും വാങ്ങിയിരുന്നത് .

   ഊണു കഴിഞ്ഞ് ഞങ്ങൾ പതിവുപോലെ പാടത്തു കളിക്കാൻ പോയില്ല. സിനിമയ്ക്കു പോകണം. കുട്ടികൾക്ക് അന്ന് സിനിമ   ‘ഹറാ’മല്ലാതായിട്ടില്ല. സിനിമയ്ക്ക് പോയതറിഞ്ഞാൽ മദ്രസയിലെ ഉസ്താദ് കണ്ണുതുറുപ്പിക്കും. അതുകൊണ്ട് ആരും അറിയരുത്.
 ഉമ്മയെ മസ്കിടാൻ അടുത്തുപോയി  ചുറ്റിപ്പറ്റിനിന്ന് ചെവിയിൽ മന്ത്രിച്ചു:
: ‘ ഉമ്മാ, ഞങ്ങൾ മാറ്റിനി സിനിമയ്ക്ക് പോണു. ആരോടും  പറയണ്ട.  കാശൊക്കെ അലിയെടുക്കും.'
 ' ഏടെപ്പോയാലും ന്റെ മോൻ  മോന്തിക്കു മുമ്പ് കുടീ വരണം’ ഉമ്മയും ചെവിയിൽ പറഞ്ഞു.

 പീഞ്ഞപ്പെട്ടിയിൽ നിന്നും മുട്ടകളെടുത്ത് പഴംകടലാസിൽ പൊതിഞ്ഞ് മടിയിൽ തിരുകി
നേരം വൈകിയിരുന്നു  ഒന്നരയ്ക്കാണ്‌ ബസ്സ്‌. വെളയനാടും മുകുന്ദപുരവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്ത്‌ നടവരമ്പത്താണ്‌ ബസ്‌ സ്റ്റോപ്പ്‌. രണ്ട്‌ കിലോമീറ്റർ ദൂരമുണ്ട്‌.അവിടെയെത്തി ഒരു കടയിൽ മുട്ട വിറ്റ്‌ കാശ്‌ വാങ്ങിയിട്ടുവേണം ബസ്‌ പിടിക്കാൻ. ഞങ്ങൾ ഓടി  ചെമ്മൺപാതയിലൂടെ  പൊടിപറത്തി  അതിവേഗം ഓടി . അങ്ങനെ മുകുന്ദപുരം വളവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്തേക്കുള്ള ഇറക്കം ഇറങ്ങുകയാണ്‌. പെട്ടെന്ന്‌ എന്റെ കാൽ ഒരു കല്ലിൽ തട്ടി മൂക്കുകുത്തി വീഴാൻ പോയി. ആ ഇളക്കത്തിൽ മടിയഴിഞ്ഞ്‌  മുട്ടകളിൽ ഒരെണ്ണം താഴെ വീണു . ഞാനാകെ വല്ലാതെയായി. മുട്ടയുടെ കരുവും വെള്ളയും ചെമ്മണ്ണിൽ പുതഞ്ഞ്‌ കിടക്കുന്നു.ഒരു നിമിഷം. ലോകമാകെ ഇടിഞ്ഞുപൊടിഞ്ഞു എന്റെ മനസ്സിൽ ഒരു വലിയ മൺകൂനയായി  കുമിഞ്ഞുകൂടിയപോലെ തോന്നി.കരയാൻപോലും വയ്യാത്ത അവസ്ഥ..

 മുമ്പേ ഓടിയിരുന്ന അലി തിരികെ  വന്നു . രംഗം കണ്ട്  അവനും സങ്കടമായി.  പിന്നെ എന്റെ തോളിൽ കയ്യിട്ട്‌ അവൻ പറഞ്ഞു: ‘ സാരോല്ല  നമ്മക്ക് കുട്ടിക്കുപ്പായം കാണാൻ    വിധിയായിട്ടില്ലാന്ന് കരുത്യാ മതി ’ അതു പറയുമ്പോൾ അവൻ വിതുമ്പുന്നുണ്ടായിരുന്നു.

ഞങ്ങൾ  വന്ന  വഴിയേ  തിരികെ നടന്നു. പതുക്കെ.. വളരെ പതുക്കെ...ഒന്നും മിണ്ടാതെ...



Thursday, April 12, 2012

'നിലാവിന്റെ' പിറവി

'വെളിച്ചത്തിനെന്തൊരു വെളിച്ചം!'
വെളിച്ചത്തിണ്റ്റെ പ്രോജ്ജ്വലമായ സുഭഗത വാക്കുകളിലൂടെ വരച്ചിടാന്‍ ഇതിലും മനോഹരമായ ഒരു പ്രയോഗം വേറെ ഏതുണ്ട്‌..?. ബഷീറിനല്ലാതെ മറ്റാര്‍ക്കാണ്‌ ഭാഷകൊണ്ട്‌ ഇങ്ങനെയൊക്കെ അത്ഭുതങ്ങള്‍ ചെയ്യാന്‍  കഴിയുക.?

പൊങ്കുരിശും,മണ്ടന്‍ മുത്തപയും,സൈനബയും,ആനവാരിയും, ശിങ്കിടിമുങ്കനും.നരായണിയും,കുഞ്ഞിപ്പാത്തുമ്മയും,മജീദും, സുഹറയും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍... അവരെല്ലാം എണ്റ്റെ മനസ്സില്‍ നന്നേ ചെറുപ്പത്തിലേ കുടിയേറിയതാണ്‌. എന്നെ കൈപിടിച്ച്‌ വളര്‍ത്തിയെടുക്കുന്നതില്‍ അവരൊക്കെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അവരുടെ ചെയ്തികളില്‍ മുഴുകി ഞാന്‍ കുറെ ചിരിച്ചിട്ടുണ്ട്‌, കരഞ്ഞിട്ടുണ്ട്‌. ജീവിതം എന്തെന്ന്‌ നോക്കികാണാന്‍ അവരെന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌.

ആ ചങ്ങാത്തം ഇന്നും തുടരുന്നു.അതുപോലെയുള്ള  ചങ്ങാതിമാരെ വേറെ അധികം ലഭിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം..? അവരെ എങ്ങനെ ആദരിക്കണം...? കുറച്ചൊക്കെ പാട്ടെഴുതിന്റെ  അസുഖം ഉണ്ടല്ലൊ. അവരെയൊക്കെ പാട്ടിന്റെയകത്താക്കിയാലോ ..! ആ ചിന്തയില്‍ നിന്നാണ്‌ 'നിലാവെളിച്ചം' ആല്‍ബം പിറവിയെടുത്തത്‌. ഈ അശയം മുന്നോട്ടു വെച്ചപ്പോള്‍ ഒരു പാട്‌ പേര്‍ സഹായത്തിനെത്തി. ഈണം നല്‍കാന്‍ അസീസ്‌ ബാവ മുന്നോട്ട്‌ വന്നു. പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍,അഫ്സല്‍. ബിജുനാരായണന്‍,ഫ്രാങ്കോ,സുജാത,ശ്വേത, മാസ്റ്റര്‍ കിരണ്‍ ബേണി, സജ്നസക്കരിയ തുടങ്ങിയവര്‍ പാടാന്‍ തയ്യാറായി.

കൊല്ലം രണ്ടു മൂന്നു കഴിഞ്ഞു. പാട്ടുകള്‍ കുറേ എഴുത്തുകാരും സാഹിത്യ പ്രേമികളും ഒക്കെ കേട്ടു. പത്രങ്ങളൊക്കെ 'ഭേഷായി' എന്നെഴുതി. പക്ഷെ സംഗീതാസ്വാദകരില്‍ മാത്രം വേണ്ടത്ര എത്തിയില്ല. വിപണി ലക്ഷ്യമാക്കാതതിരുന്നതാണ്‌ കാരണം

 'വിഷ്വല്‍' എന്ന ആശയവുമായി പലരും മുന്നോട്ടു വന്നു. സാക്ഷാല്‍ കമല്‍ തന്നെ തയ്യാറായി. പക്ഷെ സംഗതി നടന്നില്ല. എന്നാലിത്‌ ആളുകള്‍ കേള്‍ക്കണമല്ലൊ. ആ ആവശ്യത്തിനായി ഇപ്പോള്‍ യൂ.റ്റ്യൂബിലിട്ടിരിക്കുന്നു.ദൃശ്യക്കാഴ്ച്ചകള്‍ക്ക്  വേണ്ടിയല്ല, പാട്ട്‌ കേള്‍ക്കാന്‍ വേണ്ടി മാത്രം. താല്‍പര്യമുള്ളവര്‍ ഈ ലിങ്കിലൂടെ വരിക. വെറുതെ അഞ്ചെട്ട്‌ പാട്ട്‌ കേട്ട്‌ സഹായിച്ചാലും.. !
http://www.youtube.com/user/khaderpatteppadam?feature=guide

Tuesday, March 20, 2012

അറിയുമോ ഭാഗീരഥി ടീച്ചറെ...?

 ടീച്ചര്‍ക്ക്‌ വയസ്സ്‌ 82.ഏഴു വര്‍ഷം മുമ്പ്‌ ഇരു കാലുകള്‍ക്കും വേദന വന്നു. അടുത്തുള്ള ആയുര്‍വ്വേദ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഉഴിച്ചിലും പിഴിച്ചിലും വിധിച്ചു. ഉഴിയുംതോറും വേദന കൂടിക്കൂടി വന്നു. കാലുകളില്‍ നീരും കെട്ടി. കാര്യം പന്തിയല്ലെന്നു കണ്ടപ്പോള്‍ അലോപ്പതി ഡോക്ടറെ കാണിച്ചു. എക്സറെ എടുത്തു. കാല്‍മുട്ടുകളുടെ ചിരട്ട തേഞ്ഞു അങ്ങേയറ്റമെത്തിയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. പെയിന്‍ കില്ലര്‍ ഗുളികകളും പൂര്‍ണ്ണ വിശ്രമവും... ടീച്ചര്‍ അങ്ങനെ വിശ്രമിക്കുകയാണ്‌. നീരു വന്നു മുട്ടിയ കാലുകളുമായി.. എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ..

പക്ഷെ ടീച്ചറുടെ ഓര്‍മ്മകള്‍ക്കിന്നും യൌവ്വനമാണു്‌ മനസ്സിലെന്നും സൂര്യോദയമാണ്‌. ആരെങ്കിലും കാതിലൊന്ന്‌ മൂളിയാല്‍ മതി ടീച്ചറുടെ മുമ്പില്‍ വിളവെടുപ്പ്‌ കഴിഞ്ഞ വെള്ളരിപ്പാടം ഓടിയെത്തും. അതില്‍ പലകയിട്ട്‌ കെട്ടിപ്പൊക്കിയ സ്റ്റേജ്‌.. വലിയ അടക്കാമരത്തില്‍ നാട്ടിയ ചെങ്കൊടി.. ചൈനാ പേപ്പര്‍ വെട്ടിയൊട്ടിച്ച അരങ്ങും ചുവന്ന തോരണങ്ങളും.. കുന്നിറങ്ങി, ഇടവഴി താണ്ടി പാട വരമ്പേ ഒഴുകിയത്തുന്ന ചുവന്ന ജാഥകള്‍.. വിപ്ളവഗാനങ്ങള്‍ .. തീപ്പൊരി പ്രസംഗങ്ങള്‍ .. അവസാനം നാടകം...
 നാടകത്തിണ്റ്റെ അരങ്ങിലും അണിയറയിലും ടീച്ചറുണ്ട്‌. അരങ്ങില്‍ അഭിനേത്രിയായി. അണിയറയില്‍ പാട്ടുകാരിയായി.. നാടകത്തിണ്റ്റെ പ്രണയ മധുരമായ മുഹൂര്‍ത്തങ്ങളിലൊന്നില്‍ ടീച്ചര്‍ പാടുന്നു 'പച്ചപ്പനം തത്തേ..പുന്നാരപ്പൂമുത്തേ..' പാട്ടിന്‌ ശ്രുതിയിട്ടുകൊണ്ട്‌ തൊട്ടടുത്ത്‌ സാക്ഷാല്‍ എം.എസ്‌.ബാബുരാജ്‌.. പാട്ടങ്ങനെ ഒഴുകുകയാണ്‌.. ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ . കാതുകളില്‍ നിന്നും കാതുകളിലേക്ക്‌.. ഇരുട്ടകറ്റിയ പെട്രോമാക്സ്‌ വെളിച്ചത്തില്‍ ആയിരമായിരം കണ്ഠങ്ങളൊരുമിച്ച്‌ ടീച്ചറോടൊപ്പം പാടുന്നു 'പച്ചപ്പനംതത്തേ.. 'ടീച്ചറുടെ ചുണ്ടില്‍ ഒരു മിന്നലാട്ടം.. വലിയ ചുവന്ന പൊട്ടില്‍ ഒരു തിരയിളക്കം. പിന്നെ ഒരു ചെറു ഗദ്ഗദം...' അതങ്ങനെയൊരു കാലം.' ഇത്‌ ഭാഗീരഥി ടീച്ചര്‍.. പി.ജി.ഭാഗീരഥി ടീച്ചര്‍ . 1950 - 60 കാലഘട്ടങ്ങളില്‍ മലയാള നാടക രംഗത്ത്‌ സ്ത്രീ ശക്തിയുടെ പ്രതീകമായി നിറഞ്ഞു നിന്ന പ്രതിഭ. സ്ത്രീകള്‍ക്കെതിരായ വിലങ്ങുകള്‍ പൂമാലയായി മാറ്റി പുരുഷ ധിക്കാരങ്ങളെ ചെറു ചിരിയോടെ പുച്ഛിച്ചു തള്ളിയ കലാകാരി.
                                        ******            ********                     ******    
 ഇക്കഴിഞ്ഞ ദിവസം. കൊടുങ്ങല്ലൂരിലെ ടീച്ചറുടെ കൊച്ചു വീട്‌. വീട്ടു മുറ്റത്ത്‌ ഷാമിയാന വലിച്ചുകെട്ടിയുണ്ടാക്കിയ ചെറുപന്തല്‍. സായം സന്ധ്യ. അയല്‍ വാസികളും നാട്ടുകാരും പന്തലിലേക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.. അവര്‍ ടീച്ചര്‍ക്കൊരു സ്വീകരണം ഏര്‍പ്പാട്‌ ചെയ്തിരിക്കുകയാണ്‌. കൊടുങ്ങല്ലൂരിലെ'രഞ്ജിനി'യാണ്‌ മുഖ്യ സംഘാടകര്‍. ടീച്ചര്‍ക്ക്‌ ജന്‍മനാട്‌ നല്‍കുന്ന ആദ്യ ആദരം. ഇതിനുമുമ്പെന്തേ അവര്‍ ടീച്ചറെ ഗൌനിച്ചില്ല.? സത്യം പറയാമല്ലൊ , ടീച്ചര്‍ക്കിങ്ങനെ ഒരു മുന്‍ കാല ചരിത്രമുണ്ടെന്ന്‌ അവരില്‍ പലര്‍ ക്കും അറിയില്ലായിരുന്നു. അവര്‍ക്ക്‌ ടീച്ചര്‍ ആകാശവാണിയിലെ എ ഗ്രേഡ്‌ ആര്‍ടിസ്റ്റ്‌ മാത്രമായിരുന്നു.വേക്കോട്‌ സ്കൂളിലെ സംഗീതാദ്ധ്യാപിക മാത്രമായിരുന്നു. പുതിയ അറിവ്‌ അവരെ ആവേശഭരിതരാക്കി.അങ്ങനെയാണ്‌ അവരീ സ്വീകരണം ഒരുക്കിയത്‌. അന്ന്‌ രാവേറെ ചെല്ലുംവരെ അവര്‍ ടീച്ചര്‍ ക്കുവേണ്ടി ആ തിരുമുറ്റത്ത്‌ പാട്ടുകള്‍ പാടി. ആലപ്പുഴയില്‍ നിന്നും മേദിനി ടീച്ചറും എത്തിയിരുന്നു പാട്ടുപാടാന്‍. ടീച്ചറുടെ മുന്‍ സഹപ്രവര്‍ത്തകനും നാടക - സിനിമാ അഭിനേതാവുമായിരുന്ന എം.എസ്‌.നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം അവര്‍ ടീച്ചര്‍ ക്കു നല്‍കി. സ്നേഹം കൊണ്ടവര്‍ ടീച്ചറെ വീര്‍പ്പ്‌ മുട്ടിച്ചു.

ഔദ്യോഗിക അംഗീകാരങ്ങളൊന്നും ടീച്ചറെ തേടിയെത്തിയില്ല. വൈകിയാണെങ്കിലും സ്വന്തം ജനത അവരെ തിരിച്ചറിഞ്ഞു. അതു മതി ടീച്ചര്‍ക്ക്‌ ഉമ്മറക്കോലായിയിലെ കട്ടിലില്‍ കിടന്ന്‌ ടീച്ചര്‍ അവരുാടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി. അപ്പോഴവരുടെ ചുവന്ന പൊട്ടിന്‍ ശോണിമ ഒന്നുകൂടി കാന്തി മിന്നുന്നതായി തോന്നി..