Tuesday, September 24, 2013

ആട്ടിൻ കൂട്ടിലെ കടുവകൾ അഥവാ നീരുവറ്റിയ ഹൂറികൾ


             മുസ്ലിം പെൺകുട്ടികൾ പതിനെട്ടെത്തുമ്പോഴേക്കും കെട്ടുപൊട്ടിപ്പോകുന്നു. പ്രണയം...പാട്ട്...കൂത്ത്...അങ്ങനെ അവർ എല്ലാ പൊല്ലാപ്പുകളിലും  ചെന്നുചാടും.അതിനാൽ പതിനെട്ടെത്തും മുമ്പേ അവരെ കെട്ടിക്കണം. വയസ്സ് ഒമ്പതോ,പത്തോ, പതിനൊന്നോ എത്രയുമാകട്ടെ - അവരെ ആ പരുവത്തിൽ കെട്ടാൻ ഒടേ തമ്പുരാൻ മുസ്ലീങ്ങളായ ആൺപിറന്നവർക്ക് തീട്ടൂരമെഴുതി തന്നിട്ടുള്ളതാണു്. നോക്കൂ...റസൂൽ തിരുമേനി ഖദിജാബീവിയെക്കെട്ടൂമ്പോൾ അവർക്ക് വയസ്സ് നാല്പ്പത്. ആയിഷാബീവിയെക്കെട്ടുമ്പോൾ  അവർക്ക് വയസ്സ്  ഒമ്പത്. കെട്ടുന്നതിനു വയസ്സ് പ്രശ്നമായിരുന്നെങ്കിൽ പ്രവാചകൻ അങ്ങനെ ചെയ്യുമായിരുന്നോ...? അതുകൊണ്ട് കൂട്ടരേ.. മുസ്ലിം പെൺകിടാങ്ങളെ മുസ്ലിം പുരുഷന്മാര്‍  ഏതു വയസ്സിലും കെട്ടും.ആർക്കും തടയാനാകില്ല. ഭരണഘടനയെപ്പറ്റി കേൾക്കുന്നു. എന്തു ഭരണഘടന..? പോകാൻ പറ. ഞങ്ങൾക്കുമുണ്ടൊരു നിയമ സംഹിത. ഞങ്ങൾക്കു മാത്രമുള്ളത്.  അതാണു ശരീ അത്ത്. അതേൽ തൊട്ടുകളിക്കാൻ ആരും വരണ്ട.

ചാനൽ ചർച്ചകളിൽ ചില പണ്ഡിതശ്രേഷ്ഠർ പറഞ്ഞതിന്റെ രത്നച്ചുരുക്കമാണ്‌ മുകളിൽ കൊടുത്തത്. അക്കൂട്ടത്തിൽ ഡോക്ടർ ഫസൽ ഗഫൂറിനേയും കണ്ടു. വേണ്ടണംഎന്ന അഴകൊഴമ്പൻ മട്ടിലായിരുന്നു അദ്ദേഹം എന്നു മാത്രം. കോഴിക്കോട്ടെ കോയമാരുടെ യത്തീംഖാനയിൽ ഒരു അറബിക്കല്യാണം നടന്നു. യത്തീംഖാനയിലെ അന്തേവാസിനിയായ ഒരു പീക്കിരിപ്പെണ്ണായിരുന്നു പുയ്യെണ്ണ്‌’.  ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുയ്യെണ്ണിനെ ഇട്ടേച്ച് പുയ്യാപ്ല  അറബിനാട്ടിലേക്ക് വിമാനം കയറി. അതിന്റെ പേരിൽ യത്തീംഖാനക്കാർക്കെതിരെ കേസ്, പോലീസ്...ആകെ പുക്കാറ്‌. ഇങ്ങനെപോയാൽ മറ്റു യത്തീംഖാനക്കാരും കുടുങ്ങും. അതിനാലാണ്‌ ചിന്ന പ്രായത്തിലും കല്യാണമാകാമെന്ന ശരീ അത്ത് ഉടനെ പ്രാബല്യത്തിൽ വരുത്താൻ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചത്. എന്നാലും ഞങ്ങൾ പതിനെട്ടിൽ തന്നെ ഉറച്ചുനില്ക്കുന്നു കേട്ടോ.. ഡോക്ടറുടെ കസർത്ത് അങ്ങനെ പോകുന്നു.

ഞാനും പണ്ട് ചില  ചിന്ന കിത്താബുകളൊക്കെ ഓതിയിട്ടുണ്ട്. ഓതിയതുവെച്ച് ഉള്ള ബുദ്ധിയിൽ ചിലതൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒ. അബ്ദുല്ല സാഹിബ് പറയുന്നതുപോലെ അപ്പോൾ കിട്ടിയത് ഇതൊന്നുമല്ലല്ലൊ. കൺഫ്യൂഷൻ. ആകെ കൺഫ്യൂഷൻ. പക്ഷെ കൺഫ്യൂഷന്‌ ഇടം നല്കാതെ മനസ്സ് പൊള്ളിപ്പോയ ഒരനുഭവം ഈ അടുത്ത കാലത്ത് എനിക്കുണ്ടായി. അതിങ്ങനെ:

കഴിഞ്ഞ ആഴ്ചയാണ്. ഞാനൊരു കല്യാണത്തിൽ പങ്കുകൊണ്ടു. വരന്‌ വയസ്സ് അറുപത്തി അഞ്ച്. വധുവിന്‌ മുപ്പത്തി അഞ്ച്. സാക്ഷാൽ പാണക്കാട്ടെ ഒരു കുന്നിൻ ചെരുവിലെ വധൂഗൃഹമായിരുന്നു വേദി. തങ്ങന്മാരുടേയും ദീനീവര്യനായ ബഹു:മന്ത്രിയുടേയും ഒക്കെ മാളികകൾക്കടുത്തായിരുന്നു ആ കൊച്ചു വീട്.

വരന്റെ വീട് തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്താണ്‌. ഭാര്യ മരിച്ചുപോയി. കെട്ടുപ്രായം (18) തികഞ്ഞുനില്ക്കുന്ന ഒരു മകളുണ്ട്. ഭാര്യപോയതോടെ കുടുംബം  അനാഥമായി. മകളെ  കല്യാണം പറഞ്ഞുവെച്ചിരിക്കുന്നു. എന്താ പരിഹാരം..? കല്യാണം തന്നെ. വീട്ടിൽ ഒരാളുവേണമല്ലൊ. തൃശ്ശൂർ ജില്ലയിൽ പരതിയിട്ട് കാര്യമൊന്നുമില്ല. ആരോ പറഞ്ഞു മലപ്പുറത്ത് അന്വേഷിച്ചാൽ ഇഷ്ടംപോലെ കിട്ടുമെന്ന്. അങ്ങനെ ആലോചിച്ചപ്പോഴുണ്ട്  മലപ്പുറത്തുനിന്നും അങ്ങനെ ഒരു കല്യാണം കുറച്ചുമാറി ഒരു വീട്ടിൽ  നടന്നിട്ടുണ്ട്. അവിടെ പെണ്ണിനേയും ചെക്കനെയും ഒക്കെ കണ്ടന്വേഷിച്ചപ്പോൾ കാര്യം ഈസി. പെണ്ണിന്റെ വീട്ടിൽ തന്നെയുണ്ട് അവരുടെ അനിയത്തി.

പന്ത്രണ്ടാം വയസ്സിൽ കെട്ടിച്ചതാണ്.  ഏതാനും മാസം കഴിഞ്ഞപ്പോൾ മൊഴിചൊല്ലി. - പിന്നെ അങ്ങനെ നിന്നു.  നിന്നു നിന്നു ഇപ്പോൾ മുപ്പത്തിയഞ്ചായി. ചേട്ടത്തിയും അങ്ങനെയൊക്കെത്തന്നെയായിരുന്നു. നാല്പ്പതിനടുത്തെത്തിയപ്പോഴാണ്‌ അവർക്ക് ഇങ്ങനെ ഒരു കാര്യം ഒത്തു കിട്ടിയത്. അതുപോലെ അനിയത്തിയും കാത്ത് കാത്തിരിപ്പാണ്‌ ഒരു കാര്യത്തിന്‌.

എല്ലാം വേഗം നടന്നു. അഞ്ച് ദിവസംകൊണ്ട് കല്യാണം. പാണക്കാട് ആ കല്യാണച്ചോറുണ്ണാനിരുന്നപ്പോൾ മനസ്സ് ആകെ അസ്വസ്ഥ്മായിരുന്നു. നീരുവറ്റി വരണ്ടുപോയ എത്രയോ ജന്മങ്ങളാണ്‌ ഈ ഭൂമികയിലെ ചെറുവീടുകളിലങ്ങനെ കഴിയുന്നത്! അവരുടെ ചുടു നിശ്വാസങ്ങളിലെന്തേ  ഈ പ്രമാണിമാരുടെ വെണ്മാടങ്ങളും മഹാ സൌധങ്ങളും വെന്തുരുകിപ്പോകാത്തത്...?.

പടച്ച തമ്പുരാനേനീ കാണിച്ച വഴിയെന്നു പറഞ്ഞ് ഇവർ ഞങ്ങളെ ഇരുളിന്റെ കരാളതയിലേക്കാണല്ലൊ കൂട്ടിക്കൊണ്ടുപ്പോകുന്നത്. അർത്ഥങ്ങൾ അസ്തമിച്ചുപോയ വാക്കുകൾ കൊണ്ടാണ്‌ ഇവർ ഞങ്ങളെ  നിന്റെ വിശുദ്ധ ഗ്രന്ഥം വായിച്ചുകേൾപ്പിക്കുന്നത്. പുതിയ സൂര്യനേയും പുതിയ പകലിനേയും ഇവർ കാണുന്നതേയില്ലല്ലൊ റബ്ബേ!

ഇവരിൽ നിന്നും മോചിപ്പിച്ച് നീ ഞങ്ങൾക്ക് നേർവഴി കാണിച്ചു തരേണമേ..കാലത്തിനു മായ്ക്കാനും മറയ്ക്കാനും  പറ്റാത്ത നിന്റെ തിരുവചനങ്ങളുടെ നൂതനമായ സുഭഗ സൌന്ദര്യം നീ ഞങ്ങളിൽ ചൊരിയേണമേ...