Tuesday, March 20, 2012

അറിയുമോ ഭാഗീരഥി ടീച്ചറെ...?

 ടീച്ചര്‍ക്ക്‌ വയസ്സ്‌ 82.ഏഴു വര്‍ഷം മുമ്പ്‌ ഇരു കാലുകള്‍ക്കും വേദന വന്നു. അടുത്തുള്ള ആയുര്‍വ്വേദ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഉഴിച്ചിലും പിഴിച്ചിലും വിധിച്ചു. ഉഴിയുംതോറും വേദന കൂടിക്കൂടി വന്നു. കാലുകളില്‍ നീരും കെട്ടി. കാര്യം പന്തിയല്ലെന്നു കണ്ടപ്പോള്‍ അലോപ്പതി ഡോക്ടറെ കാണിച്ചു. എക്സറെ എടുത്തു. കാല്‍മുട്ടുകളുടെ ചിരട്ട തേഞ്ഞു അങ്ങേയറ്റമെത്തിയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. പെയിന്‍ കില്ലര്‍ ഗുളികകളും പൂര്‍ണ്ണ വിശ്രമവും... ടീച്ചര്‍ അങ്ങനെ വിശ്രമിക്കുകയാണ്‌. നീരു വന്നു മുട്ടിയ കാലുകളുമായി.. എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ..

പക്ഷെ ടീച്ചറുടെ ഓര്‍മ്മകള്‍ക്കിന്നും യൌവ്വനമാണു്‌ മനസ്സിലെന്നും സൂര്യോദയമാണ്‌. ആരെങ്കിലും കാതിലൊന്ന്‌ മൂളിയാല്‍ മതി ടീച്ചറുടെ മുമ്പില്‍ വിളവെടുപ്പ്‌ കഴിഞ്ഞ വെള്ളരിപ്പാടം ഓടിയെത്തും. അതില്‍ പലകയിട്ട്‌ കെട്ടിപ്പൊക്കിയ സ്റ്റേജ്‌.. വലിയ അടക്കാമരത്തില്‍ നാട്ടിയ ചെങ്കൊടി.. ചൈനാ പേപ്പര്‍ വെട്ടിയൊട്ടിച്ച അരങ്ങും ചുവന്ന തോരണങ്ങളും.. കുന്നിറങ്ങി, ഇടവഴി താണ്ടി പാട വരമ്പേ ഒഴുകിയത്തുന്ന ചുവന്ന ജാഥകള്‍.. വിപ്ളവഗാനങ്ങള്‍ .. തീപ്പൊരി പ്രസംഗങ്ങള്‍ .. അവസാനം നാടകം...
 നാടകത്തിണ്റ്റെ അരങ്ങിലും അണിയറയിലും ടീച്ചറുണ്ട്‌. അരങ്ങില്‍ അഭിനേത്രിയായി. അണിയറയില്‍ പാട്ടുകാരിയായി.. നാടകത്തിണ്റ്റെ പ്രണയ മധുരമായ മുഹൂര്‍ത്തങ്ങളിലൊന്നില്‍ ടീച്ചര്‍ പാടുന്നു 'പച്ചപ്പനം തത്തേ..പുന്നാരപ്പൂമുത്തേ..' പാട്ടിന്‌ ശ്രുതിയിട്ടുകൊണ്ട്‌ തൊട്ടടുത്ത്‌ സാക്ഷാല്‍ എം.എസ്‌.ബാബുരാജ്‌.. പാട്ടങ്ങനെ ഒഴുകുകയാണ്‌.. ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ . കാതുകളില്‍ നിന്നും കാതുകളിലേക്ക്‌.. ഇരുട്ടകറ്റിയ പെട്രോമാക്സ്‌ വെളിച്ചത്തില്‍ ആയിരമായിരം കണ്ഠങ്ങളൊരുമിച്ച്‌ ടീച്ചറോടൊപ്പം പാടുന്നു 'പച്ചപ്പനംതത്തേ.. 'ടീച്ചറുടെ ചുണ്ടില്‍ ഒരു മിന്നലാട്ടം.. വലിയ ചുവന്ന പൊട്ടില്‍ ഒരു തിരയിളക്കം. പിന്നെ ഒരു ചെറു ഗദ്ഗദം...' അതങ്ങനെയൊരു കാലം.' ഇത്‌ ഭാഗീരഥി ടീച്ചര്‍.. പി.ജി.ഭാഗീരഥി ടീച്ചര്‍ . 1950 - 60 കാലഘട്ടങ്ങളില്‍ മലയാള നാടക രംഗത്ത്‌ സ്ത്രീ ശക്തിയുടെ പ്രതീകമായി നിറഞ്ഞു നിന്ന പ്രതിഭ. സ്ത്രീകള്‍ക്കെതിരായ വിലങ്ങുകള്‍ പൂമാലയായി മാറ്റി പുരുഷ ധിക്കാരങ്ങളെ ചെറു ചിരിയോടെ പുച്ഛിച്ചു തള്ളിയ കലാകാരി.
                                        ******            ********                     ******    
 ഇക്കഴിഞ്ഞ ദിവസം. കൊടുങ്ങല്ലൂരിലെ ടീച്ചറുടെ കൊച്ചു വീട്‌. വീട്ടു മുറ്റത്ത്‌ ഷാമിയാന വലിച്ചുകെട്ടിയുണ്ടാക്കിയ ചെറുപന്തല്‍. സായം സന്ധ്യ. അയല്‍ വാസികളും നാട്ടുകാരും പന്തലിലേക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.. അവര്‍ ടീച്ചര്‍ക്കൊരു സ്വീകരണം ഏര്‍പ്പാട്‌ ചെയ്തിരിക്കുകയാണ്‌. കൊടുങ്ങല്ലൂരിലെ'രഞ്ജിനി'യാണ്‌ മുഖ്യ സംഘാടകര്‍. ടീച്ചര്‍ക്ക്‌ ജന്‍മനാട്‌ നല്‍കുന്ന ആദ്യ ആദരം. ഇതിനുമുമ്പെന്തേ അവര്‍ ടീച്ചറെ ഗൌനിച്ചില്ല.? സത്യം പറയാമല്ലൊ , ടീച്ചര്‍ക്കിങ്ങനെ ഒരു മുന്‍ കാല ചരിത്രമുണ്ടെന്ന്‌ അവരില്‍ പലര്‍ ക്കും അറിയില്ലായിരുന്നു. അവര്‍ക്ക്‌ ടീച്ചര്‍ ആകാശവാണിയിലെ എ ഗ്രേഡ്‌ ആര്‍ടിസ്റ്റ്‌ മാത്രമായിരുന്നു.വേക്കോട്‌ സ്കൂളിലെ സംഗീതാദ്ധ്യാപിക മാത്രമായിരുന്നു. പുതിയ അറിവ്‌ അവരെ ആവേശഭരിതരാക്കി.അങ്ങനെയാണ്‌ അവരീ സ്വീകരണം ഒരുക്കിയത്‌. അന്ന്‌ രാവേറെ ചെല്ലുംവരെ അവര്‍ ടീച്ചര്‍ ക്കുവേണ്ടി ആ തിരുമുറ്റത്ത്‌ പാട്ടുകള്‍ പാടി. ആലപ്പുഴയില്‍ നിന്നും മേദിനി ടീച്ചറും എത്തിയിരുന്നു പാട്ടുപാടാന്‍. ടീച്ചറുടെ മുന്‍ സഹപ്രവര്‍ത്തകനും നാടക - സിനിമാ അഭിനേതാവുമായിരുന്ന എം.എസ്‌.നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം അവര്‍ ടീച്ചര്‍ ക്കു നല്‍കി. സ്നേഹം കൊണ്ടവര്‍ ടീച്ചറെ വീര്‍പ്പ്‌ മുട്ടിച്ചു.

ഔദ്യോഗിക അംഗീകാരങ്ങളൊന്നും ടീച്ചറെ തേടിയെത്തിയില്ല. വൈകിയാണെങ്കിലും സ്വന്തം ജനത അവരെ തിരിച്ചറിഞ്ഞു. അതു മതി ടീച്ചര്‍ക്ക്‌ ഉമ്മറക്കോലായിയിലെ കട്ടിലില്‍ കിടന്ന്‌ ടീച്ചര്‍ അവരുാടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി. അപ്പോഴവരുടെ ചുവന്ന പൊട്ടിന്‍ ശോണിമ ഒന്നുകൂടി കാന്തി മിന്നുന്നതായി തോന്നി..

10 comments:

  1. ഹാ എത്ര സ്നേഹനിര്‍ഭരമായ ഒരു കുറിപ്പ്..! ബ്ലോഗ് വായന സാര്‍ത്ഥകമാകുന്നത് ഇങ്ങിനെ ചില നിമിഷങ്ങളിലാണ്.

    ReplyDelete
  2. ടീച്ചറുടെ ഉയർത്തെഴുന്നേൽ‌പ്പ് വളരെ ഹൃദ്യമായി അവതരിപ്പിച്ചു. പഴയ കാലത്തെ ഇത്തരം കലാകാരന്മാർക്ക് അന്നും ഇന്നും കുമ്പിളിൽ തന്നെ കഞ്ഞി. കേട്ടറിഞ്ഞിട്ടാണെങ്കിലും പുതു തലമുറ ഒരുക്കിയ സ്വീകരണം വൈകിയിട്ടാണെങ്കിലും അവരെത്തേടി എത്തിയതിൽ സന്തോഷം.
    നാ‍ട്ടുകാർക്ക് അഭിവാദ്യങ്ങൾ....
    അത് ഞങ്ങളിലേക്ക് പകർന്ന ഖാദർ സാബിന് വളരെ നന്ദി.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അറിയപ്പെടാതെ പോകുന്നവരെ ചെറുതായെങ്കിലും ഓര്‍മ്മിക്കുന്നതിനു ഇത്തരം എഴുത്തുകള്‍ക്ക് കഴിയുന്നു.

    ReplyDelete
  5. സ്നേഹനിര്‍ഭരമായ ഒരു കുറിപ്പ്..! നാ‍ട്ടുകാർക്ക് അഭിവാദ്യങ്ങൾ....

    ReplyDelete
  6. ആയിരം പൂർണ്ണചന്ദ്രമാരെ ദർശിച്ച ശേഷമെങ്കിലും
    നാട്ടുകാർ മനസ്സറിഞ്ഞ് ഭാഗീരഥി ടീച്ചറെ ആദരിക്കുകയും മറ്റും ചെയ്തുവല്ലോ..

    അതെ ഭാഗീരഥി ടീച്ചർ ഭാഗ്യവതി കൂടിയാണ്..

    നല്ല ഒരു പരിചയപ്പെടുത്തൽ വഴി
    അസ്സലൊരു കുറിപ്പാണ് ഭായ് പങ്കുവെച്ചിരിക്കുന്നത് കേട്ടൊ

    ReplyDelete
    Replies
    1. അയല്‍‌വാസികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത കടന്നു പോയ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ റ്റീച്ചര്‍ ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ നാട്ടുകാരില്‍ ഉണ്ടായ സന്തോഷം ഇത് വായിക്കുന്നവരിലേക്കും പകരുന്നതായി അനുഭവപ്പെടുന്നു. ഇങ്ങിനെയുള്ള മഹ്ദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതും അഭിനന്ദനാര്‍ഹമായ കര്‍മ്മമാണു. അഭിനന്ദനങ്ങള്‍.

      Delete
  7. പ്രിയപ്പെട്ട സുഹൃത്തേ,
    വളരെ ലളിതമായി,അറിയപ്പെടാതെ പോയ ഒരു ബഹുമാന്യ കലാകാരിയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി.
    ഭാഗീരഥി ടീച്ചറുടെ ഫോട്ടോ എന്തേ കൊടുത്തില്ല? സ്നേഹം ഊര്‍ജം തിരിച്ചു പിടിക്കാനുള്ള മരുന്നാണ്.
    ജീവിച്ചിരിക്കുമ്പോള്‍ തന്നെ, ഈ കലാകാരിയെ നാട്ടുകാര്‍ അനുമോദിച്ചല്ലോ.സന്തോഷമായി!
    സുഹൃത്തേ, ഈ ബഹുമാന്യ വനിതയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം!
    സസ്നേഹം,
    അനു

    ReplyDelete
  8. ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ചില നല്ല വ്യക്തിത്വങ്ങൾക്ക് ഇതു പോലെ ഉചിതമായൊരു ഇടമാകട്ടെ ബ്ലോഗുകൾ.

    ReplyDelete
  9. ഏഴു വര്‍ഷം മുമ്പ്‌ ഇരു കാലുകള്‍ക്കും വേദന വന്നു. അടുത്തുള്ള ആയുര്‍വ്വേദ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഉഴിച്ചിലും പിഴിച്ചിലും വിധിച്ചു. ഉഴിയുംതോറും വേദന കൂടിക്കൂടി വന്നു. കാലുകളില്‍ നീരും കെട്ടി. കാര്യം പന്തിയല്ലെന്നു കണ്ടപ്പോള്‍ അലോപ്പതി ഡോക്ടറെ കാണിച്ചു. എക്സറെ എടുത്തു. കാല്‍മുട്ടുകളുടെ ചിരട്ട തേഞ്ഞു അങ്ങേയറ്റമെത്തിയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. പെയിന്‍ കില്ലര്‍ ഗുളികകളും പൂര്‍ണ്ണ വിശ്രമവും... ടീച്ചര്‍ അങ്ങനെ വിശ്രമിക്കുകയാണ്‌. നീരു വന്നു മുട്ടിയ കാലുകളുമായി.. എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ..

    ഇത് എന്നെപ്പറ്റി എഴുതിയ പോലെ തോന്നി
    ആ അനുഗ്രഹീത ടീച്ചർക്ക്‌ നമോവാകം എഴുതിയ ആള്ക്കും

    ReplyDelete