Tuesday, August 18, 2009

കുറത്തി ത്തീ....

'കുറത്തി'യില്ലാതെ 'കടമ്മനിട്ട'യില്ല. 'കുറത്തി' ആത്മാവും 'കടമ്മനിട്ട' ശരീരവുമായിരുന്നു.ജഡത്വം ബാധിച്ച ശരീരം ആളുന്ന അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ആത്മാവിനത് പൊറുക്കാനായില്ല.അത് തീയില്‍ നിന്നും തീ ഖഡ്ഗങ്ങളായി ജ്വലിച്ചുയര്‍ന്നു. തീയുടെ മേല്‍ തീ കനം വെച്ചു. തീക്കാട്ടില്‍‍ നിന്നും ദിഗന്തം പൊട്ടുമാറുള്ള ഗര്‍ജ്ജനങ്ങളുയര്‍ന്നു :



കുറത്തി ത്തീ...
**********
പട്ടടയില്‍ നിന്നതാ കുറത്തിതുള്ളുന്നു
പിന്നെയും പിന്നെയും തീ തുപ്പിയലറുന്നു:
ആരാണാരാണെന്‍ ഗുരുവെ ചുട്ടു കരിപ്പൂ..
ആളുമീ നാമ്പാണെ സത്യം, വിടുകില്ല ഞാന്‍


പത്തം തികയാതെ, പേറ്റിച്ചിയില്ലാതെ
പെറ്റതാമമ്മ കൊടും ചാവിലമര്‍ന്ന നാള്‍
കരിലാഞ്വിക്കാട്ടിലും കടമ്മന്റെ കാവിലും
കാക്ക കൊത്തിപ്പറക്കാതെ കാത്തവന്‍...
എന്റെ നെഞ്വകം നേരിന്‍ ചോര നിറച്ചവന്‍
എന്റെ കൈകളില്‍ പോരിന്‍ പന്തം പകുത്തവന്‍
എന്റെ കണ്‍കളിന്‍ സൌര ഗോളങ്ങള്‍ തീര്‍ത്തവന്‍
എന്റെ നാവില്‍ കാളീ ഗര്‍ജ്ജനം കുറിച്ചവന്‍...


അവനെയാരീ മട്ടില്‍ ചുട്ടു കരിപ്പൂ...
ആളുമീ നാമ്പാണേ സത്യം, വിടുകില്ല ഞാന്‍
----------------

9 comments:

  1. കുറത്തി ത്തീ...
    ഈ കവിത അതി മനോഹരമായി ചൊല്ലിയിരുന്ന ഒരു സുഹൃത്തിനെ ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്‌
    നന്ദി!

    ReplyDelete
  2. ഗംഭീരം ഖാദർ!
    കൈ വെയ്ക്കും മുമ്പ്‌ മൂന്നു തവണ ആലോചിക്കേണ്ടുന്ന വിഷയം; നീതിപുലർത്തിയിരിക്കുന്നു; സംശയമില്ല.

    ReplyDelete
  3. കടമ്മനിട്ടയുടെ താള ബോധം ഈ വരികളിലുമുണ്ട്..ആ ആസുരതാളം...കൊള്ളാം.

    ReplyDelete
  4. കടമ്മനിട്ട ‘കുറത്തി’ ആലപികുന്നത് നേരിട്ട് ആസ്വദിച്ചിട്ടുണ്ട്...
    ആ ഓര്‍മ്മകള്‍ ഉണര്‍ത്തി ഈ കവിതാശകലം....

    പരന്ന വായനയില്‍ നിന്ന് പുതിയ ആശയങ്ങളുണ്ടാവുന്നത്രേ, കവിതയായും ഗാനങ്ങളായും അത് പുറത്ത് വരട്ടെ....

    ഓണാശംസകള്‍

    ReplyDelete
  5. കടമ്മനിട്ടയുടെ കുറത്തി എനിക്കെപ്പോഴും ഇഷ്ടപ്പെട്ട കവിത ആണ്. കടമ്മനിട്ട തന്നെ അത് പാടുന്നത് ഞാനും നേരില്‍ കണ്ടിട്ടുണ്ട്...അത് ഒരു സംഭവം തന്നെ ആയിരുന്നു!! അതിന്റെ ചുവടു പിടിച്ചുള്ള താങ്കളുടെ ഈ കവിതയും മനോഹരമായിരിക്കുന്നു!!

    ReplyDelete
  6. താളമുണ്ടെങ്കിലും,ചില അക്ഷരതെറ്റുകൾ വന്നിട്ടുണ്ട് ..കേട്ടൊ..

    ReplyDelete
  7. അഭിപ്രായം എഴുതിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.ബിലാത്തിപ്പട്ടണം,തെറ്റുകള്‍ ഏതെന്നു ചൂണ്ടിക്കാണിച്ചാല്‍ ,തീര്‍ച്ചയായും, ഞാന്‍ ഉടനെ തിരുത്തുന്നതാണു.

    ReplyDelete
  8. കാട്ടാളന്‍‌മാരും കുറത്തിമാരുമൊക്കെ ഇറങ്ങട്ടെ അരങ്ങത്ത് .കഥാപാത്രങ്ങള്‍‌‌ സൃഷ്ടാവിനായി അരയും തലയും മുറുക്കട്ടെ ,ആശംസകള്‍!‌
    അക്ഷരങ്ങള്‍‌ ഇതൊക്കെ. :
    ഖഡ്ഗം
    ഞ്ചി
    നെഞ്ചകം

    ReplyDelete