Sunday, October 2, 2011

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

എം.എസ്.ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തിമൂന്ന് വര്‍ഷം തികയുകയാണു്. വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നു‌. പക്ഷെ അദ്ദേഹമാണു് കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ ഒരനുഭവമുണ്ടായി .ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വേദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു് ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു് അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു്."
അവളുടെ മുഖത്ത് നേരിയ ജാള്യത
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
 'തളിരിട്ട കിനാക്കള്‍..', 'സുറുമയെഴുതിയ മിഴികളെ..'   'താനേ തിരിഞ്ഞും മറിഞ്ഞും...',അഞ്ജനക്കണ്ണെഴുതി...',താമസമെന്തേ വരുവാന്‍...',പ്രാണസഖീ ഞാന്‍...',  തുടങ്ങിയ  ബാബുരാജിന്‍റെ ചില പാട്ടുകള്‍ ഞാന്‍ അവള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടുകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണെന്ന്‍ അവരറിയാതെ പോകുന്നു.

ആയിരക്കണക്കിനു നല്ല പാട്ടുകള്‍ നമുക്ക്‌ പല സംഗീത സംവിധായകരില്‍ നിന്നുമായി ലഭിച്ചിട്ടുണ്ട്‌. പക്ഷെ ബാബുരാജിന്‍റേതുപോലെ ഇങ്ങനെ ചിന്തേരിട്ട്‌ തേച്ചു മിനുക്കിയ പാട്ടുകള്‍ വേറെ അധികമാരില്‍ നിന്നും കിട്ടിയിട്ടില്ല.അതുകൊണ്ടാണല്ലൊ 45 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹം മെനഞ്ഞെടുത്ത പാട്ടുകള്‍ പോലും അനഘ മുത്തുകളായി ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ പുതുതലമുറയിലുള്‍പ്പെടെയുള്ളവര്‍ ഇന്നും മുന്നോട്ടു വരുന്നത്‌. സ്വന്തം മനസ്സിനോടൊരു പാട്ട്‌ പാടണമെന്നു തോന്നുമ്പോള്‍ , ആത്മാവിന്‍റെ വേദനകള്‍ക്കൊരു പദമുദ്ര ചാര്‍ത്തണമെന്നു തോന്നുമ്പോള്‍ ഓര്‍മ്മയുടെ മടക്കുകളില്‍ നിന്നും ബാബുരാജിന്‍റെ പാട്ടുകളാണു് ഏറെപ്പേരും തെരഞ്ഞെടുക്കുന്നത്‌.

ബാബുരാജ് വിട പറഞ്ഞ് പതിറ്റാണ്ടുകള്‍  പിന്നിടുമ്പോഴാണു് അദ്ദേഹത്തിന്റെ പ്രസക്തി കൂടുതല്‍ കൂടുതലായി  സമൂഹം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. ആ സൃഷ്ടിചാരുതകള്‍ക്ക് പകരം വെയ്ക്കാന്‍  വേറെയധികമൊന്നും ഈ കാലയളവില്‍ ലഭിച്ചില്ല എന്ന തിരിച്ചറിവാണ് ഇതിനു കാരണം.  ഇന്നിപ്പോള്‍ നിരവധി ഡോക്യുമെന്‍ററികളും പുസ്തകങ്ങളും അദ്ദേഹത്തെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ബാബുരാജിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് സംഘടനകള്‍ രൂപം കൊളളുന്നു. ചാലക്കുടിയില്‍  രൂപീകരിച്ചിട്ടുള്ള ബാബുരാജ് ഫോറം അദ്ദേഹത്തിന് പ്രണാമമായി ഒരു ആല്‍ബം തന്നെ പുറത്തിറക്കിയിട്ടുണ്ട്. വ്യഖാത വൈണികന്‍ എ.അനന്തപത്തമനാന്‍ സംവിധാനം ചെയ്തിട്ടുള്ള ഈ ആല്‍ബത്തില്‍ ജി.വേണുഗോപാല്‍ പാടിയ രണ്ടു പ്രണാമ ഗാനങ്ങള്‍ക്ക് പുറമേ അനന്തപത്മനാഭന്‍ ബാബുരാജിന്റെ ഏറെ പ്രശസ്തമായ ഏതാനും പാട്ടുകള്‍ വീണയില്‍ വായിച്ചതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നൂറില്‍ താഴെ സിനിമകള്‍ ... അറുന്നൂറോളം പാട്ടുകള്‍ . അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ പാട്ടുകളില്‍  ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു്.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു് ഈ ഗാനങ്ങളോരോന്നും പ്രദാനം ചെയ്യുന്നത്.

സംഗീതത്തിന്‍റെ  ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു് .പൈതൃക സമ്പത്തായി അത് വന്നുഭവിക്കുകയായിരുന്നു.ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു് ഇറങ്ങിയത്‌. വിശപ്പ് മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല. (1973ലെ  ഒരു രാത്രിയില്‍  ചെന്നൈയിലെ ഒരു വീടിന്റെ ഇടുങ്ങിയ മുറിയിലിരുന്ന്   അദ്ദേഹം എനിക്കും കുടുംബത്തിനും വേണ്ടി  പാതിരാ കഴിയും വരെ പാടിയത് എന്നെ സംബന്ധിച്ചിടത്തോളം എന്നും തളിരിടുന്ന ഓര്‍മ്മകളാണ്) പാടുക, പാടിത്തീരുക എന്നത്‌ തന്റെ  നിയോഗമാണു് എന്ന ബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്‌.

കണക്കെഴുതി സൂക്ഷിക്കാതിരുന്ന സംഗീത സംവിധായകനായിരുന്നു ബാബുരാജ് . അയ്യായിരം കിട്ടേണ്ടിടത്ത് അഞ്ഞൂറ് കിട്ടിയാലും തൃപതി. സ്വന്തം വിരലിലെ മോതിരമൂരി പണയം വെച്ച് അതിഥികളെ സല്‍ക്കരിക്കുന്ന പ്രകൃതം. ഈ ശുദ്ധതയെ മുതലെടുക്കുകയായിരുന്നു പലരും. ഇതുകൊണ്ടൊക്കെത്തന്നെ അദ്ദേഹം എന്നും ഒരു പ്രാരാബ്ധക്കാരനായിരുന്നു.  അവസാനം ചെന്നൈ ജനറലാശുപത്രിയുടെ വരാന്തയില്‍ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം  അനാഥമായി കിടക്കേണ്ടി വന്നു. പിന്നെ  സിനിമാ രംഗത്തെ സുഹൃത്തുക്കളെത്തി  അവരുടെ സഹായത്തോടെയാണ് ഒരു ടാക്സികാറില്‍ ഞെക്കിഞെരുക്കി കിടത്തി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്‌.

ഒന്നും മോഹിക്കാത്ത ആ പാവം പാട്ടുകാരന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍  നിന്നുകൊണ്ട് പാടി. പാട്ടുകളിലൂടെ തന്‍റെ ഹൃദയം ജനങ്ങള്‍ക്കായി  പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹൃദയങ്ങളുടെ ഒരു ഭാഗമായി അദ്ദേഹം  താനേ മാറുകയായിരുന്നു

ആ ജന്‍മം പാഴായില്ല. കണ്ണീരും സ്വപ്നങ്ങളും ചാലിച്ച്‌ മെനഞ്ഞെടുത്ത ഈണങ്ങളിലൂടെ തലമുറകളെ കീഴടക്കി അദ്ദേഹം ഇന്നും അജയ്യനായി നിലകൊള്ളുന്നു

15 comments:

  1. നല്ല ഓര്‍മ്മക്കുറിപ്പ് മാഷേ.. ഇത് അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയാവട്ടെ...

    ReplyDelete
  2. iഇന്നിപ്പോള്‍ കേരളക്ലബ്ബില്‍ നിന്നും കേട്ടുവന്നതേയുള്ളൂ ബാബുരാജിന്റെ പാട്ടുകള്‍ ....... അവിടെയും പാടിയ കുട്ടികള്‍ക്ക് പോലും പലര്‍ക്കും അറിയില്ല ബാബുരാജാരാണെന്ന്......

    ReplyDelete
  3. ബാബുരാജ് മാഷിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ കൂപ്പുകൈകളോടെ...

    ReplyDelete
  4. ശരിയാണ് മാഷ് പറഞ്ഞത്. പലര്‍ക്കും ഇന്ന് അറിയില്ല ഇക്കാര്യം.
    നല്ല ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  5. നല്ല ഓര്‍മ്മക്കുറിപ്പ് മാഷേ..

    ReplyDelete
  6. ഇക്ക പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പെട്ടെന്ന് മനസ്സിലേക്കോടിയെത്തുന്ന പാട്ടില്‍ ‘ഒരു പുഷ്പം മാത്രമെന്‍...’ എന്ന പാട്ടും ഉണ്ട്.

    പിന്നെ ഇക്ക എന്റെ ബ്ലോഗില്‍ ചൂണ്ടിക്കാട്ടിയതുപോലെ വയലാര്‍-ബാബുരാജ് കൂട്ടുകെട്ടിനേക്കാള്‍ കൂടുതല്‍ പാട്ടുകള്‍ സമ്മാനിച്ച ഭാസ്ക്കരന്‍ മാഷ് - ബാബുരാജ് കൂട്ടുകെട്ടിനെ അറിയാതെ വിട്ടുപോയതാണ്.

    ഒരുപക്ഷെ മലയാള സിനിമയില്‍ ഹിന്ദുസ്ഥാനി സംഗീതവും, ഗസലുകളുമെല്ലാം ഒരുക്കി തന്നത് ബാബുരാജ് ആയിരിക്കും. അതുകൊണ്ടു തന്നെ ബാബുരാജിന്റെ ഒരു ഗാനം എടുത്ത് ഏതെങ്കിലും മലയാള ഗാനത്തോട് സാദൃശ്യമുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയില്ല.

    ReplyDelete
  7. ഈ അനുസ്മരണക്കുറിപ്പ് എന്തുകൊണ്ടും ഉചിതമായി, ഭായ്. ഇന്നും ദിവസം ഒരു പ്രാവശ്യം എങ്കിലും "ഒരു പുഷ്പം മാത്രമെന്‍" എന്ന് തുടങ്ങുന്ന ഗാനം കേട്ടില്ല എങ്കില്‍ എന്തോ ഒരു കുറവ് പോലെ തോന്നും..പിന്നെ ജീവനോടെ ഇരിക്കുമ്പോള്‍ നമ്മള്‍ പലരുടെയും മഹത്വം കാണാതെ പോകുന്നു..മരിച്ചു കഴിഞ്ഞു ശെരിക്കും ആദരിക്കും..ബാബുവിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു..

    ReplyDelete
  8. എന്ത് ഒക്കെ പറഞ്ഞാലും ബാബുരാജിന്റെ ഗാനങ്ങള്‍ മലയാളികള്‍ മരിക്കും വരെ ഹൃദയത്തില്‍ സൂക്ഷിക്കും ....പ്രാണസഖീ പാടത്ത്തവരായി ഒരു മലയാളി പോലും ഉണ്ടാവില്ല

    ReplyDelete
  9. നല്ല ഈ ഓര്‍മകള്‍ക്ക് നന്ദി....

    ReplyDelete
  10. 33 വർഷം കഴിഞ്ഞിട്ടും ഇന്നും ബാബുരാജ് നമ്മളിൽ ഒരിക്കലും മറക്കാത്ത പാട്ടുകളായി ജീവിക്കുന്നൂ...!

    ReplyDelete
  11. ഇമ്പമാർന്ന ഗാനങ്ങൾ ഇന്നും പാടിത്തകർക്കുമ്പോൾ, ബാബുരാജ് എന്ന മഹാപ്രതിഭ ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്.

    പണ്ട് ടീവി ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയോ തുറന്നാൽ വരുന്ന പാട്ടുകളിലെല്ലാം ‘സംഗീതം ബാബുരാജ്’ എന്ന് ഒരു ദിവസം എത്രയോ പ്രാവശ്യം ഞങ്ങൾ കേട്ടിരിക്കുന്നു.
    അദ്ദേഹത്തിന്റെ ഈ നല്ല ഓർമ്മകൾക്ക് വളരെ നന്ദി.

    അദ്ദേഹത്തിന്റെ സമകാലികനായിരുന്നുവെന്നു കേട്ടപ്പോൾ അങ്ങയോടും ഒരു ബഹുമാനം തോന്നുന്നു.

    ReplyDelete
  12. ഈ ഓർമ്മക്കുറിപ്പിന് മുനൊപിൽ നമ്രശിരസ്കനാകുന്നൂ.....പലരേയും പലരും മറക്കുന്നു...മരിക്കാത്ത ഓർമ്മകളിൽ ആ സംഗീത ചക്രവർത്തിക്ക് ഒരായിരം കുസുമഹാരം....

    ReplyDelete
  13. ഇവിടെ ദുബായില്‍ ഇന്നലെ ബാബുക്ക അനുസ്മരണ ചടങ്ങ് നടന്നു
    കെ പി ഉദയ ബാനുവും മാമുക്കോയയും ഉണ്ടായിരുന്നു
    അനുസ്മരണ കുരിപിനു നന്ദി

    ReplyDelete
  14. നല്ല ഓര്‍മ്മക്കുറിപ്പ്. ആശംസകൾ

    ReplyDelete