Tuesday, October 8, 2013

ഞാന്‍ നുജൂദ് വയസ്സ് 10 വിവാഹമോചിത

ഓമനത്തം വിട്ടുമാറാത്ത പെണ്‍കിടാവ്. വയസ്സ് 10. യെമന്‍ കാരിയാണ്‌. സ്കൂളില്‍ പോയിത്തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. ഒളിച്ചു കളിയായിരുന്നു അവളുടെ ഇഷ്ടവിനോദം. കളിച്ചും ചിരിച്ചും അവളങ്ങനെ നടക്കുകയായിരുന്നു.ഒരു ദിവസം  ബാപ്പ സ്കൂളില്‍നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന്‍ അവളെ  നിക്കാഹ് കഴിച്ച്കൊടുത്തു. വരന്‍ മുപ്പത് മുപ്പത്തഞ്ച് വയസ്സുള്ള ഒരു ദുഷ്ട മൃഗമായിരുന്നു. വിവാഹം കഴിഞ്ഞ അന്നുമുതല്‍ അയാള്‍ അവളെ പിച്ചി ചീന്തി. അയാളുടെ ഉമ്മയും സഹോദരിയും അതിനു കൂട്ടുനിന്നു. അവള്‍  കുതറി ,എതിര്‍ത്തു.. കരഞ്ഞു. എല്ലാം നിഷ്ഫലം.

രണ്ടു മാസം കഴിഞ്ഞു. ആവള്‍ അയാളോട് കെഞ്ചി. എനിക്ക് ഉമ്മയും ബാപ്പയെയും ഒന്ന് കാണണം. എന്നെ ഒന്ന് വീട്ടില്‍ പോകാന്‍ അനുവദിക്കണം. അവസാനം ആ ദുഷ്ടന്‍ അവള്‍ക്ക് ലീവ് അനുവദിച്ചു, നാല് ദിവസത്തേക്ക്. അവള്‍ പോയി . ബാപ്പയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നെ ഇനി അങ്ങോട്ട്‌ വിടരുതേ ബാപ്പാ... ബാപ്പ പറഞ്ഞു: നീ ഇപ്പോള്‍ അവന്റെ ഹലാലായ ഭാര്യയാണ് , പോയേ പറ്റൂ . 

നാലാം ദിവസം രാവിലെ ഉമ്മ അവളുടെ കൈവശം നൂറ്റി അമ്പത് യെമന്‍ റിയാല്‍ കൊടുത്തിട്ടു പറഞ്ഞു നീ കടയില്‍ പോയി കുബ്ബൂസ് വാങ്ങിക്കൊണ്ടു വാ...ചായക്ക് കടിക്കാന്‍. അവള്‍ ദിനാറുമായി റോഡിലേക്കിറങ്ങി ഓടി. കുബ്ബൂസ് കടയും കഴിഞ്ഞു അവള്‍ ഓടി. കവലയിലെത്തിയപ്പോള്‍ കിട്ടിയ ടാക്സിയില്‍ കയറിപ്പറ്റി . ഡ്രൈവറോട്  പറഞ്ഞു എനിക്ക് കോടതിയില്‍ പോകണം. അയാള്‍ അവളെ കൊടതിപ്പരിസരത്ത് ഇറക്കി. അവള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു . പരുങ്ങി പരുങ്ങി അവിടെ നിന്നു. കോടതി പിരിയും വരെ അവള്‍ കോടതി മുറിയില്‍ പതുങ്ങിക്കൂടി. കോടതി പിരിഞ്ഞപ്പോള്‍ ജഡ്ജി അവളെക്കണ്ടു. അവളോട് പുന്നാരത്തോടെ വിവരം തിരക്കി. അവള്‍ പറഞ്ഞു . എല്ലാം പറഞ്ഞു. എന്നെ രക്ഷിക്കണം. ജഡ്ജി നല്ലവനായിരുന്നു. അയാള്‍ അവളുടെ കൈപിടിച്ചു നടന്നു. ആ കൈകളുടെ സുരക്ഷിതത്വം അവള്‍ക്ക് വിവാഹമോചനം നേടിക്കൊടുത്തു. ഷാദ എന്ന വനിതാ വക്കീലാണ് എല്ലാം ഏര്‍പ്പാടാക്കിയത്. ലോക മാദ്ധ്യമങ്ങളും സേവന സംഘടനകളും അവള്‍ക്ക് സഹായവുമായെത്തി.

ആ യെമനി പെണ് കുരുന്ന്‍ അവളുടെ കഥ പറയുകയാണ്‌ ഈ കൊച്ചു പുസ്തകത്തിലൂടെ. ഡല്‍ഫിനി മിനോവി എന്ന പത്രപ്രവര്‍ത്തകനാണ് ഇതെഴുതാന്‍ അവളെ സഹായിച്ചത്.

ഈ പുസ്തകം ഒലിവ് ബുക്സ് മലയാളത്തില്‍ ഇറക്കിയിട്ടുണ്ട്.

4 comments:

 1. നമ്മുടെ നാട്ടിൽ മാത്രമല്ല അല്ലെ ഇത്തരക്കാർ ഉള്ളത്. പെൺകുട്ടികളാണൊ തെറ്റുകാർ.. തീർച്ചയായും ജന്മം നൽകുന്നവർ തന്നെ അവരുടെ ദുരിതങ്ങളുടെ സൃഷ്ടാക്കൾ...

  ReplyDelete
 2. ഡെൽഫൈൻ മിനോളി യും
  നുജൂദും ചേർന്നെഴുതിയ
  I Am Nujood
  Age 10 and Divorced
  എന്ന ഈ പുസ്തകം ഇവിടെയൊക്കെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായിരിന്നു....!
  ഇനി നമ്മുടെ മലയാളത്തിലും
  അങ്ങിനെയാകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നൂ..

  പിന്നെ ഭായ് , ബ്ലോഗിൽ ഷെയറുചെയ്യുവാനുള്ള ഓപ്ഷണുകൾ വെച്ചിരുന്നാൽ വായനയിൽ ഇഷ്ട്ടപ്പെടുന്നവർക്ക് ആയത് നിർവ്വഹിക്കാമല്ലോ

  ReplyDelete
 3. ഹൃദയം തകര്‍ക്കുന്നൊരു വായനയാണീ പുസ്തകം...

  ReplyDelete
 4. ഈ നുജൂദിനെപ്പറ്റി മുമ്പേ കേട്ടിട്ടുണ്ട്
  ഓടിയെത്തിയത് ഒരു ‘മനുഷ്യ‘ന്റെ മുമ്പിലായതുകൊണ്ട് ആ കുഞ്ഞ് രക്ഷപ്പെട്ടു!

  ReplyDelete