Friday, October 26, 2012

ഒരു പെരുന്നാൾ വിശേഷം


1964ലെ വലിയ പെരുന്നാൾ. അന്നെനിക്ക് പ്രായം  പതിമൂന്ന്  നടപ്പ്.

 പെരുന്നാളിന്‌  പുതിയ ഉടുപുടവുകളൊന്നുമില്ല.   ആകെ നിലവിലുണ്ടായിരുന്നത്
ഒരു ജോഡി ജഗന്നാഥൻ മുണ്ടും അരക്കയ്യൻ കുപ്പായവുമാണ്‌. അതിലൊന്നു  പിന്നിത്തുടങ്ങിയിരുന്നു .നല്ല മുണ്ടും കുപ്പായവും ഉമ്മ പെരുന്നാളിനു രണ്ടു ദിവസം മുമ്പേ   ചാരം  വെള്ളത്തിലിട്ടുവെച്ചു.
പിറ്റേ ദിവസം അലക്കിത്തിരുമ്മി കുട്ടപ്പനാക്കി  ഇനി ഇസ്തിരിയിടണം. ഇസ്തിരിപ്പെട്ടിയില്ല. എന്റെ അടുത്ത കൂട്ടുകാരൻ എളീമയുടെ മകൻ അലിയാണു്.  അലി ഓട്ടുകിണ്ണം ഇസ്തിരിപ്പെട്ടിയാക്കി. അതിൽ ചിരട്ട കത്തിച്ചിട്ടു പഴംതുണികൊണ്ട്‌ വക്കിൽ പിടിച്ച്‌ നിലത്ത്‌ കടലാസിൽ നിവർത്തിയിട്ട  മുണ്ടും കുപ്പായവും  തേച്ചു  തന്നു.

പള്ളിയിലേക്ക്‌ മൂന്നു കിലോമീറ്റർ ദൂരമുണ്ട്. നടന്നു പോകണം.കുറേ ചങ്ങാതിമാരുണ്ടാകും. എല്ലാവരുംകൂടി പള്ളിയിൽ പോയി പെരുന്നാൾ നിസ്കരിച്ച് മടങ്ങിവരുമ്പോൾ വീട്ടിൽ സുന്ദരൻ പെരുന്നാൽ സദ്യ. അതിവിശിഷ്ട വിഭവമായി പപ്പടം വറുത്തതുണ്ടാകും. പിന്നെ മത്തങ്ങയും പയറും ഉടച്ച് കറിവെച്ചത്.. ചോറു് വയറ്‌ നിറച്ചുണ്ടാകും. പെരുന്നാൾ കുശാൽ!

 ഊണു കഴിഞ്ഞാൽ ഞങ്ങൾ,പിള്ളേർ,   കാലാപ്പാടത്ത്  ഒത്തുകൂടി തലപ്പന്ത് കളിക്കും. അതാണു പതിവ്   ഈ പെരുന്നാളിനു ഞാനും അലിയുംകൂടി പദ്ധതികൾ നേരത്തേ തയ്യാറാക്കിയിരുന്നു. ഇരിങ്ങാലക്കുയിലെ തിയേറ്ററിൽ 'കുട്ടിക്കുപ്പായം' സിനിമ കളിക്കുന്നുണ്ട്. അതിലെ പാട്ടുകളാണു്   ആളുകൾ ഇപ്പോൾ നാടാകെ പാടി നടക്കുന്നത്. കല്ല്യാണവീടുകളിലെ  പാട്ട്പെട്ടിയിൽനിന്നുയരുന്നതും മുഖ്യമായി ആ പാട്ടുകളാണു്. .   ‘ വിട്ടുപിടി പേത്താച്ചി...' എന്ന ബഹദൂറിന്റെ ഡയലോഗും കൊണ്ടാടപ്പെടുന്നുണ്ട്.

പെരുന്നാളിന്റന്ന് കുട്ടിക്കുപ്പായം മാറ്റിനി കാണാൻ പോകണം.  ഒരാൾക്ക്
അമ്പത് പൈസ വേണ്ടിവരും.പത്തും പത്തും ഇരുപത് പൈസ അങ്ങോട്ടുമിങ്ങോട്ടും ബസ്സിനു്. മുപ്പതു  പൈസ  സിനിമാടിക്കറ്റിനു്.   പൈസ എങ്ങനെയുണ്ടാക്കും...?.  അലി എങ്ങനെയൊക്കെയോ കൃത്യം പൈസ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്റെ കാര്യമാണ്‌ പ്രശ്നം.  തലപുകഞ്ഞാലോചിച്ച് അലി തന്നെ അതിനൊരു മാർഗ്ഗവും കണ്ടെത്തി പറഞ്ഞു തന്നു.
.വീട്ടിൽ  കോഴികളെ  വളർത്തുന്നുണ്ട് ഒരോദിവസവും കോഴിക്കൂട്ടിൽ മൂന്നു നാലു മുട്ടകളുണ്ടാകും. അഞ്ചു ദിവസം ഓരോ മുട്ട വീതം ആരും കാണാതെ അടിച്ചു മാറ്റുക.. അഞ്ചു മുട്ടകൾ വിറ്റാൽ അമ്പതു പൈസ കിട്ടും. കുട്ടിക്കുപ്പായം അടിപൊളിയാക്കാം.

അലി പറഞ്ഞപോലെ ഞാൻ കാര്യങ്ങൾ നീക്കി.ഏണിവെച്ചു കയറി കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ ഇസ്കി. കിട്ടുന്ന മുട്ടകൾ പുസ്തകം വെക്കുന്നപീഞ്ഞപ്പെട്ടിയിൽ ഒളിപ്പിച്ചുവെച്ചു .ദിവസവും ഉമ്മ പിറുപിറുത്തു
:’ബെലശനംകെട്ട  ഏതോ   കോയി   കാട്ടീപ്പോയീറ്റാ മൊട്ടേടണു്..‘.
പാവം ഉമ്മ.  മുട്ട  വിറ്റുകിട്ടുന്ന  കാശുകൊണ്ടാണു് വീട്ടിൽ ശർക്കരയും ചായലയും മറ്റ് ചില്ലറ സാധനങ്ങളും വാങ്ങിയിരുന്നത് .

   ഊണു കഴിഞ്ഞ് ഞങ്ങൾ പതിവുപോലെ പാടത്തു കളിക്കാൻ പോയില്ല. സിനിമയ്ക്കു പോകണം. കുട്ടികൾക്ക് അന്ന് സിനിമ   ‘ഹറാ’മല്ലാതായിട്ടില്ല. സിനിമയ്ക്ക് പോയതറിഞ്ഞാൽ മദ്രസയിലെ ഉസ്താദ് കണ്ണുതുറുപ്പിക്കും. അതുകൊണ്ട് ആരും അറിയരുത്.
 ഉമ്മയെ മസ്കിടാൻ അടുത്തുപോയി  ചുറ്റിപ്പറ്റിനിന്ന് ചെവിയിൽ മന്ത്രിച്ചു:
: ‘ ഉമ്മാ, ഞങ്ങൾ മാറ്റിനി സിനിമയ്ക്ക് പോണു. ആരോടും  പറയണ്ട.  കാശൊക്കെ അലിയെടുക്കും.'
 ' ഏടെപ്പോയാലും ന്റെ മോൻ  മോന്തിക്കു മുമ്പ് കുടീ വരണം’ ഉമ്മയും ചെവിയിൽ പറഞ്ഞു.

 പീഞ്ഞപ്പെട്ടിയിൽ നിന്നും മുട്ടകളെടുത്ത് പഴംകടലാസിൽ പൊതിഞ്ഞ് മടിയിൽ തിരുകി
നേരം വൈകിയിരുന്നു  ഒന്നരയ്ക്കാണ്‌ ബസ്സ്‌. വെളയനാടും മുകുന്ദപുരവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്ത്‌ നടവരമ്പത്താണ്‌ ബസ്‌ സ്റ്റോപ്പ്‌. രണ്ട്‌ കിലോമീറ്റർ ദൂരമുണ്ട്‌.അവിടെയെത്തി ഒരു കടയിൽ മുട്ട വിറ്റ്‌ കാശ്‌ വാങ്ങിയിട്ടുവേണം ബസ്‌ പിടിക്കാൻ. ഞങ്ങൾ ഓടി  ചെമ്മൺപാതയിലൂടെ  പൊടിപറത്തി  അതിവേഗം ഓടി . അങ്ങനെ മുകുന്ദപുരം വളവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്തേക്കുള്ള ഇറക്കം ഇറങ്ങുകയാണ്‌. പെട്ടെന്ന്‌ എന്റെ കാൽ ഒരു കല്ലിൽ തട്ടി മൂക്കുകുത്തി വീഴാൻ പോയി. ആ ഇളക്കത്തിൽ മടിയഴിഞ്ഞ്‌  മുട്ടകളിൽ ഒരെണ്ണം താഴെ വീണു . ഞാനാകെ വല്ലാതെയായി. മുട്ടയുടെ കരുവും വെള്ളയും ചെമ്മണ്ണിൽ പുതഞ്ഞ്‌ കിടക്കുന്നു.ഒരു നിമിഷം. ലോകമാകെ ഇടിഞ്ഞുപൊടിഞ്ഞു എന്റെ മനസ്സിൽ ഒരു വലിയ മൺകൂനയായി  കുമിഞ്ഞുകൂടിയപോലെ തോന്നി.കരയാൻപോലും വയ്യാത്ത അവസ്ഥ..

 മുമ്പേ ഓടിയിരുന്ന അലി തിരികെ  വന്നു . രംഗം കണ്ട്  അവനും സങ്കടമായി.  പിന്നെ എന്റെ തോളിൽ കയ്യിട്ട്‌ അവൻ പറഞ്ഞു: ‘ സാരോല്ല  നമ്മക്ക് കുട്ടിക്കുപ്പായം കാണാൻ    വിധിയായിട്ടില്ലാന്ന് കരുത്യാ മതി ’ അതു പറയുമ്പോൾ അവൻ വിതുമ്പുന്നുണ്ടായിരുന്നു.

ഞങ്ങൾ  വന്ന  വഴിയേ  തിരികെ നടന്നു. പതുക്കെ.. വളരെ പതുക്കെ...ഒന്നും മിണ്ടാതെ...



10 comments:

  1. പിന്നെ എന്റെ തോളിൽ കയ്യിട്ട്‌ അവൻ പറഞ്ഞു: ‘ സാരോല്ല നമ്മക്ക് കുട്ടിക്കുപ്പായം കാണാൻ വിധിയായിട്ടില്ലാന്ന് കരുത്യാ മതി ’ അതു പറയുമ്പോൾ അവൻ വിതുമ്പുന്നുണ്ടായിരുന്നു.

    ഒരു കാലം അങ്ങനെ.

    ഇപ്പോള്‍ നമ്മുടെ കുട്ട്യോള്‍ക്ക് ഇക്കഥയൊക്കെ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

    (കുറെ നാളായല്ലോ കണ്ടിട്ട്. കുട്ടിപ്പാട്ടെഴുത്തൊന്നുമില്ലേ ഇപ്പോള്‍?)

    ReplyDelete
  2. അജിതേട്ടന്‍ പറഞ്ഞതു പോലെ മടുത്തോ ഇവിടം?
    ഇന്നലെ കഴിഞ്ഞതു പോലുള്ള ഈ ഓര്‍മ്മകള്‍ ഇന്നത്തെ തലമുറ കേട്ടാല്‍ അങ്ങിനെ ഉണ്ടായിരുന്നോ എന്ന് സംശയിക്കും.
    നന്നായി പെരുന്നാളിന്റെ ഓര്‍മ്മ.

    ReplyDelete

  3. അജിതൻ സാറെ, എന്തൊക്കെയുണ്ട്‌..? ഈ വഴിയൊന്നും വരാറില്ല. അല്പം ചില തിരക്കുകൾ.. ഇന്നു പെരുന്നാളല്ലേ... വെറുതെയിരുന്നപ്പോൾ പഴയ ആ അനുഭവം മനസ്സിൽ തിക്കിത്തിരക്കി കയറിവന്നു. ആരെൻകിലും ഒന്നോ രണ്ടോ ആളുകൾ വായിക്കട്ടെ എന്നു കരുതി. എന്നെ ഓർത്തു വെച്ചല്ലൊ. നന്ദി.

    പിന്നെ ഇതിലെ മറ്റൊരു കഥാപാത്രം അലിയുണ്ടല്ലൊ, അയാൾ നാലൻചു കൊല്ലം മുമ്പ് മരിച്ചുപോയി..ഒരു ആക്സിഡന്റിൽ.. വേണ്ട , അതോർക്കേണ്ടെന്ന് കരുതിയതാണു്..

    ReplyDelete
    Replies
    1. അലി അപകടത്തില്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ ഒരു സങ്കടം. കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ....

      ഓര്‍മ്മകള്‍ ചിലപ്പോള്‍ മധുരവും ചിലപ്പോള്‍ കണ്ണീരുമാണല്ലോ.

      Delete
  4. പഴയ കാലത്ത് ഇത്തരം കഥകൾ പലർക്കും പറയാനുണ്ടാകും. ഒരു കഷണം സ്ലേറ്റ് പെൻസിലിനു വേണ്ടി പോലും സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ...!!
    അന്ന് മഷിത്തണ്ടും,ചെമ്പകപ്പൂവും മറ്റും മാറ്റക്കച്ചവടം ചെയ്താണ് ഓരോ ഇല്ലായമകൾ തീർത്തിരുന്നത്...! കച്ചവടത്തിന്റെ ബാലപാഠങ്ങൾ അന്ന് സ്വയം സ്വായത്തമാക്കിയിരുന്നു.
    പഴയ ഓർമ്മകൾ പലതും അയവിറക്കാൻ ഈ പോസ്റ്റ് ഇടയാക്കി.
    എല്ലാ ഭാവുകങ്ങളും.
    പെരുന്നാൾ ആശംസകൾ...
    അലിയുടെ ആത്മാവിന് ആദരാഞ്ജലികൾ....

    ReplyDelete
  5. പെരുന്നാളാശാംസകൾ..പഴയകാല ഓർമ്മകൾ പ്രത്യേകിച്ചും വിശേഷദിവസങ്ങളിലേത് മനസ്സിനു സുഖം തരുന്നതാണ്.ചെറിയ ചെറിയ ദു:ഖങ്ങളും സങ്കടങ്ങളും മനസ്സിൽ തട്ടിയത് പെട്ടെന്നൊന്നും മാഞ്ഞു പോകില്ല.

    ReplyDelete
  6. വളരെ ലളിതമായ ഭാഷയില്‍ മനസ്സിലേക്കിട്ടു തന്നത് ഘനമുള്ള ഒരു വിങ്ങലാണ്. നന്നായി പഴയതൊന്നും മറക്കാതിരുന്നത്.

    ReplyDelete
  7. ചില അനുഭവങ്ങള്‍ അങ്ങനെയാണ് ,എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് മനസ്സില്‍ ക്ലാവ് പിടിക്കാതെ കിടക്കും ,കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും പത്തരമാറ്റിന്‍റെ തിളക്കം ..!!വര്‍ഷങ്ങള്‍ക്കിപ്പുറവും അലിയെ ഓര്‍ത്തല്ലോ ,നന്നായി !!!!!

    ReplyDelete
  8. കുട്ടികളുടെ പാട്ടിൽ നിന്നുമൊക്കെ തീർത്തും വേറിട്ട്, ഒരു കുട്ടിക്കഥ പോൽ ഈ കുട്ടി കാലത്തുള്ള ‘കുട്ടിക്കുപ്പായം’കാണാൻപറ്റാത്തതിൻ ഖേദം ഒട്ടും ഒളിമങ്ങാതെ തന്നെ കാഴ്ച്ച വെച്ചിരിക്കുന്നൂ ...കേട്ടൊ ഭായ്

    ReplyDelete
  9. ഈ ബ്ലോഗ്‌ പരിചയപ്പെടുത്തിയതിന് പട്ടേപ്പാടം സാറിന് നന്ദി.
    എഴുത്തിന് നന്മയുടെ നിലാ വെളിച്ചമുണ്ട്... നല്ല ഭാഷ, എനിക്കിഷ്ട്ടായി...
    ഈ നിലാവെളിച്ചവും അക്ഷരങ്ങളുടെ കുളിര്‍മ്മയും എന്നും എന്നും നിലനിക്കട്ടെ
    എന്ന പ്രാര്‍ത്ഥനയോടെ...
    ആശംസകള്‍...

    _സുജിത് സുബ്രമണ്യന്‍, കോനിക്കര

    ReplyDelete