Showing posts with label ഗാനം. Show all posts
Showing posts with label ഗാനം. Show all posts

Monday, August 1, 2011

ടെലി ഫിലിം - ഗാനം

നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ടെലിഫിലിമിനു വേണ്ടി എഴുതിയ ഗാനത്തിന്റെ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നു.റോഡ്‌ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കൂട്ടം ഹതഭാഗ്യരുടെ വേദനകളാണ് ഫിലിമിന്റെ ഇതിവൃത്തം.

ആകാശത്തൊരു ചിറകടി ശബ്ദം..
ഭൂലോകമാകെ കുലുങ്ങും ശബ്ദം..
കഴുകനോ - അത്
ആനറാഞ്ചിയോ-
ചിറകിന്‍ നിഴലുകള്‍ പടരുന്നു..
ഇരുളിന്‍ ചുരുളുകള്‍ നിവരുന്നൂ..

സ്നേഹം പകുത്തവര്‍
ത്യാഗം പകത്തവര്‍
പട്ടിണി പകുത്തവരീ ഞങ്ങള്‍
ഞങ്ങടെ ചോരച്ചന്‍ക പിളര്‍ക്കാന്‍
ഞങ്ങടെ കരളുകള്‍ പിച്ചിച്ചീന്താന്‍
കൂര്‍ത്ത നഖവും
മുനച്ച കൊക്കും
നീണ്ടു നീണ്ടു വരുന്നല്ലോ..
കൊലഭേരി കൊലഭേരി മുഴങ്ങുന്നല്ലോ..

പൊട്ടിയ ചട്ടിയും
ഉടഞ്ഞ കലവും
ചിന്നിയ ചില്ലുകളല്ലാമെല്ലാം
മുറുകി വരിഞ്ഞതീ ഭാണ്‍ഡക്കെട്ട്
ജീവിത ദുരിതത്തിന്‍ മാറാപ്പ്
തകര്‍ന്ന പാതകള്‍..
ചിതറിയ മുളളുകള്‍..
പലവഴി പലവഴി പോകുന്നു
പഥികര്‍, ഞങ്ങള്‍, പാവങ്ങള്‍..!

Thursday, June 9, 2011

നിലാവെളിച്ചം (ആല്‍ബം) - മതിലുകള്‍

സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന്. വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.

മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....

അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....

നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^

Monday, May 16, 2011

പ്രേമലേഖനം


രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വ്യഖാതമായ ചില കഥകളെ ആസ്പദമാക്കി 'നിലാവെളിച്ചം' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. അതിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചത്‌ ഈ എളിയവനാണ്‌. ബഷീറിനെത്തൊടാന്‍ അന്ന് എനിക്കെങ്ങനെ ധൈര്യം വന്നു എന്ന് ഞാന്‍ പിന്നീട്‌ പലപ്പോഴും മാറിയിരുന്ന് ചിന്തിച്ച്‌ വിറച്ചിട്ടുണ്ട്‌. ആ വിറയലില്‍ നിന്നും ഞാനിപ്പോഴും മുക്തനല്ല.

'നിലാവെളിച്ച'ത്തിലെ ഗാങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ഞാനീ ബ്ളോഗിന്‌ തുടക്കം കുറിച്ചത്‌. പുതിയ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി അതിലെ ഒരു ഗാനത്തിണ്റ്റെ വരികള്‍ വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു.

പ്രേമലേഖനം
------------
(കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു,ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണഭാവം ആവിഷ്ക്കരിക്കാനാണ്‌ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. ഹിന്ദോള രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ അസീസ്‌ ബാവ. ആലാപനം : സുജാത.)

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹൃദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം..!
*****************************