Sunday, March 20, 2011

പൂക്കാവടി - 3

1. നാരകം
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍

2. അഴുക്ക്‌
-------
അഴുക്ക്‌ നിറയും മേനി
പഴുപ്പ്‌ പടരും ഇടമല്ലൊ
ഇഞ്വ തേച്ച്‌ കുളിക്കാതെ
മൊഞ്വ്‌ കൂട്ടും പണിയാപത്ത്‌.

3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.

4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന്‌ പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ്‌ ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...

5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------

Sunday, March 6, 2011

പൂക്കാവടി - 2.

1. മനസ്സ്‌
------------
മനസ്സ്‌ കറയറ്റതാണേല്‍
ജീവിതം കിടയറ്റതാകും.

2. ഉറുമ്പും കടലും
-------------
ചിരട്ടയിലിത്തിരി മഴവെള്ളം
വെള്ളത്തില്‍ വീണൊരു പൊന്നുറുമ്പ്‌
ഇഴയുന്നു പിടയുന്നു കുഞ്ഞുറുമ്പ്‌
പാവം, മുന്നില്‍ കാണ്‍മത്‌ കടലല്ലൊ.


3. പൊങ്ങച്ചം
-------------
പത്രാസുകാരി പാത്തുമ്മ
പൊങ്ങിപ്പൊങ്ങി വരുംനേരം
മാവേല്‍ കാക്ക തക്കം നോക്കി
ഉച്ചിയിലോട്ടങ്ങ്‌ കാഷ്ഠിച്ചു !

4.കഥ
-------------
കഥയില്ലാ കഥയില്‍ 'കഥ'യില്ല
'കഥ'യില്ലേല്‍ കഥ പിന്നെന്തു കഥ..?!

5.ജാതി
------------
തമ്പുരാന്‍ പടച്ചതൊരു ജാതി
ഭൂമിയില്‍ വന്നപ്പോള്‍ പല ജാതി
ജാതികള്‍ എല്ലാം പങ്കുവെച്ചു
തമ്പുരാനേയും പകുത്തെടുത്തു.
**********************************

Sunday, February 20, 2011

പൂക്കാവടി

(മനസ്സ്‌ കുട്ടിത്തത്തിലേക്ക്‌ വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്‌. ശരിയാവാം, കുട്ടിത്തമാണ്‌ സൌഭാഗ്യം . കുട്ടികളാണ്‌ സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത്‌ കുത്തിക്കുറിക്കുന്നു. അതിന്‌ 'പൂക്കാവടി' എന്ന്‌ പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്‌. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)

1.വണ്ടിന്‍പാട്ട്‌
-------------------

വണ്ടുണ്ട്‌ മുരണ്ടു വരുന്നു
വന്നൊരു ‌ ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട്‌ ..?
ഉണ്ടുണ്ടതിലും താളമുണ്ട്‌

2. പേട്‌
-------------------
കാടൊക്കെ നാടായാല്‍
‍നാടൊക്കെ പേടാകും

3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്‌
മരതകം ചാര്‍ത്തിയ തേരു്‌
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട്‌ ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന്‌ പിന്നെ കണ്ണീരു്‌..

4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്‌, പമ്പരമൊന്ന്‌
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!

5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.

Wednesday, February 2, 2011

വെള്ളാരംകല്ലുകള്‍

മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..

ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -

എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന്‌ പറന്ന്‌ വന്ന്‌ വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത്‌ ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച്‌ കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി

കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************

Saturday, January 15, 2011

പാല്‍പ്പായസം



പൊന്നൊടേത്ങ്ങളേ, ഞാനൊരു കടുംകൈ ചെയ്തിരിക്കുന്നു..എന്താചെയ്ക..? .. വിധിനിര്‍ണ്ണയങ്ങളെ അങ്ങനെയങ്ങ്‌ മാറ്റി മറിക്കാന്‍ കഴിയില്ലല്ലൊ.

കര്യം എന്താണെന്നു വെച്ചാ.. എണ്റ്റെ വീട്ടില്‍ മൂന്ന്‌ കൊളന്തൈകളുണ്ട്‌ . മൂന്ന്‌ മഹാ വമ്പത്തികള്‍... അവര്‍ക്ക്‌ എപ്പോഴും പാട്ട്‌ വേണം , വിളിച്ചുകൂകി നടക്കാനുള്ള പാട്ടുകള്‍ . ഞാനാണെങ്കില്‍ മാഹാ ദരിദ്രന്‍. വളരെക്കുറച്ച്‌ സ്റ്റോക്കേയുള്ളു.. ഉള്ളതങ്ങ്ട്‌ പാടിത്തീര്‍ത്തു. കുഞ്ഞുങ്ങളതൊക്കെ ഏതാണ്ട്‌ പാടിപ്പഠിച്ച്‌ തിമര്‍ത്ത്‌ ആഘോഷിച്ചു. അത്‌ കഴിഞ്ഞപ്പോള്‍ അവരുണ്ടോ വിടുന്നു.. അവര്‍ക്ക്‌ പുതിയ പാട്ടുകള്‍ വേണം. മൂവരും പുറത്തും തലയിലും മടിയിലും ഒക്കെ കയറി ഇരുപ്പായി പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍! എണ്റ്റെ പടച്ചവനേ.. ഞാനെന്താ ചെയ്ക..? ഈ ഇച്ചിരിക്കോണം പോന്ന തലയില്‍ ഉള്ളതെല്ലാം പൊട്ടും പൊടിയും തട്ടി ഇട്ടുകൊടുത്തില്ലെ?.. ഇനി എവിടുന്നാ.. ഞാനാകെ കുഴങ്ങി. വമ്പത്തികളുണ്ടോ വിടുന്നു. അവര്‍ മുത്തം തന്നും ഇക്കിളികൂട്ടിയും പെട്ടയില്‍ തലോടിയും എന്നെ കൈയിലെടുക്കാനുള്ള ശ്രമമായി അവര്‍ക്ക്‌ പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍..

അവസാനം ഞാന്‍ അറ്റകൈ പ്രയോഗം അങ്ങ് നടത്തി. എന്താന്ന്‌ വെച്ചാ.. വായേല്‍ തോന്നുന്നതൊക്കെ പാട്ടായങ്ങ് കാച്ചി. സംഗതി കുശാല്‍.. കൊളൈന്തകള്‍ക്ക്‌ പെരുത്ത്‌ ഇഷ്ടായി.. അവരത്‌ പാടി നടന്നു. ഒന്നല്ല നാലഞ്ചു പാട്ടുകള്‍.. കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ എനിക്കും തോന്നി സംഗതി മോശമല്ലല്ലൊ എന്ന്. ഇതിനൊരു താളമൊക്കെയുണ്ടല്ലൊ... ഞാനതു വേഗം കടലാസ്സിലാക്കി. അപ്പോള്‍ ദാ വരുന്നു അങ്ങനെ ചിലത്‌ പിന്നേയും. എഴുതി എഴുതി നൂറു നൂറ്റിരുപതെണ്ണം എഴുതി .എങ്ങ്നേണ്ട്‌ കാര്യങ്ങള്‌..? .

എഴുതിയവ ഞാന്‍ തുമ്പൂറ്‍ ലോഹിതാക്ഷന്‍ മാഷെക്കാണിച്ചു. പ്രൊ.അരുണന്‍ മാഷെക്കാണിച്ചു.ബാലഗോപാലന്‍ മാഷെക്കാണിച്ചു. അവസാനം കവി മുല്ലനേഴിയേയും കാണിച്ചു. അവരൊക്കെ തെറ്റില്ലെന്ന് തലകുലുക്കി . എന്തിനാ വെറുതേ വെച്ചോണ്ടിരിക്കണത്‌..എന്നാപിന്നെ ഇതങ്ങ്ട്‌ പ്രസിദ്ധീകരിക്കല്ലേ നല്ലത്‌ എന്ന ഏകമാനമായ അഭിപ്രായം. മുല്ലനേഴി മാഷ്തന്നെ മുഖമൊഴി എഴുതിത്തന്നു. ആര്‍ട്ടിസ്റ്റ്‌ നന്ദകുമാര്‍ പായമ്മലിണ്റ്റെ വക പത്തമ്പത്‌ ചിത്രങ്ങളും റെഡി.

പൊന്നു സാറന്‍മാരേ, അങ്ങ്നെ അത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു ,'പാല്‍പായസം' എന്ന പേരില്‍. എച്ച്‌ & സി പബ്ളിക്കേഷന്‍സാണ്‌ പ്രസാധകര്‍. എണ്‍പത്തിയാറു കുറുംകവിതകള്‍. ചിലതൊക്കെ ഞാനീ ബ്ളോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ഇപ്പോള്‍ 'പാല്‍പായസം'ഒരു വില്‍പനച്ചരക്കാ‌ണ്‌. നാല്‍പത്‌ രൂപ അവര്‍ ചരക്കിന്‌ വിലയിട്ടിരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിലുള്ള എച്ഛ്‌ & സിയുടെ വിതരണ കേന്ദ്രങ്ങളിലും അവരുടെ മറ്റ്‌ ഏജന്‍സികളിലും 'പാല്‍പായസം' ലഭ്യമാണ്‌ . mail@handcbooks.com എന്ന ഇ-മയില്‍ വിലാസത്തിലും, www.handcbooks.com എന്ന വെബ്‌ സൈറ്റിലും അവരെ ബന്ധപ്പെടാമെന്ന്‌ പ്രസാധകരുടെ തിരുമൊഴി .

ദൈവമേ പൊറുക്കേണമേ.. കുഞ്ഞുങ്ങളോടാണ്‌ കളി... സദുദ്ദേശമല്ലാതെ വേറെ ഒന്നുമില്ല തമ്പുരാനെ... പൊറുക്കുക. സദയം പൊറുക്കുക.

മാന്യ മിത്രങ്ങളേ, നിങ്ങളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനപേക്ഷ.

Friday, December 24, 2010

ചില ബേപ്പൂര്‍ അനുഭവങ്ങള്‍

അപ്രതീക്ഷിതമായൊരു ഫോണ്‍ കോള്‍. ചെറുതുരുത്തി കലാതരംഗിണിയില്‍ നിന്നും ശ്രീ.ഗോപാലകൃഷ്ണനാണ്‌ വിളിക്കുന്നത്‌. എനിക്ക്‌ പരിചയമില്ലാത്ത ഒരാള്‍.
പരിചയപ്പെടലിനു ശേഷം അദ്ദേഹം പറഞ്ഞു: "നാളെ ഞങ്ങള്‍ക്ക്‌ ബേപ്പൂരിലൊരു പരിപാടിയുണ്ട്‌. ബേപ്പൂര്‍ ഫെസ്റ്റില്‍ ഒരു നൃ‍ത്ത സംഗീത ശില്‍പം.. ബേപ്പൂരും ബേപ്പൂര്‍ സുല്‍ത്താനും ഒക്കെയാണ്‌ ഇതിവൃത്തം . അതില്‍ സുല്‍ത്താണ്റ്റെ ഒരു വേഷമുണ്ട്‌. ഒന്നു രണ്ട്‌ സെക്കന്റ്‌ ‌മാത്രം. വെറുതെ വന്നു പോകുന്ന ഒരു ഭാഗം. സുല്‍ത്താനായി വേഷമിട്ട്‌ ഒന്നു സഹായിക്കണം".

ഞാനാകെ അമ്പരന്നു. വേഷമിടുക! അതും വൈക്കം മുഹമ്മദ്‌ ബഷീറായി!!. ഞാനെണ്റ്റെ ‌പഴഞ്വന്‍ വേഷമല്ലാതെ ഇന്നു വരെ മറ്റൊരു വേഷവും ധരിച്ചിട്ടില്ല. ബഷീറിനെ ഞാന്‍ വായിച്ചിട്ടൂണ്ട്‌. വായിച്ച്‌ വായിച്ച്‌ ചില കഥകളെ ആസ്പദമാക്കി ഗാനങ്ങളെഴുതിയിട്ടുണ്ട്‌. അത്‌ 'നിലാവെളിച്ചം' എന്ന പേരില്‍ ആല്‍ബമാക്കിയിട്ടുമുണ്ട്‌. അതില്‍ കവിഞ്ഞ്‌ ബഷീറുമായി ഞാന്‍....ഒന്നു നേരില്‍ കണ്ടിട്ടുപോലുമില്ല.
ഞാന്‍ പറഞ്ഞു:"സര്‍, എനിക്ക്‌ യാതൊരു ബന്ധവുമില്ലാത്ത മേഖലയാണല്ലൊ ഇത്‌. എന്നെ ആരാണു താങ്കള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ ?"
"ആര്‍ട്ടിസ്റ്റ്‌ സുരേഷ്‌ മുട്ടത്തിയാണ്‌ താങ്കള്‍ക്ക്‌ ബഷീറിണ്റ്റെ ഛായ ഉണ്ടെന്ന്‌ പറഞ്ഞത്‌. താങ്കള്‍ക്ക്‌ അത്‌ ചെയ്യാന്‍ കഴിയും. ഉപേക്ഷ പറയരുത്‌".


അപ്പോള്‍ സുരേഷാണ്‌ പണി പറ്റിച്ചിരിക്കുന്നത്‌. എന്താ ചെയ്ക..? മി.ഗോപാല‍കൃഷ്ണണ്റ്റെ അപേക്ഷ... നാളെയാണ്‍ പരിപാടി ഒഴിവ്‌ പറഞ്ഞാല്‍ അവര്‍ വെള്ളത്തിലാകും. പിന്നെ ഇതൊരു മഹാ ഭാഗ്യമല്ലെ..! നിനച്ചിരിക്കാതെ ബഷീറാവുക.. ബഷീറായി രംഗത്തു വരിക..എനിക്കാണെങ്കില്‍ സാമാന്യം ഭേദപ്പെട്ട കഷണ്ടിയുണ്ട്‌. അല്‍പം നീണ്ട മുഖവും. ആലോചിച്ചപ്പോള്‍ ഒരു സുഖമൊക്കെ തോന്നി.
ഞാന്‍ പറഞ്ഞു:"ഓകെ. ഞാന്‍ വരാം."
"വളരെ സന്തോഷം. നാളെ രാവിലെ ചെറുതുരുത്തി കലാതരംഗിണിയില്‍ വന്നാല്‍ മതി. അവിടെ ഒരു ചെറിയ റിഹേഴ്സല്‍ കഴിഞ്ഞ്‌ നമുക്ക്‌ കോഴിക്കോട്ടേക്ക്‌ പോകാം."
"ശരി. നമുക്ക്‌ നാളെ കാണാം"

പിറ്റേ ദിവസം രാവിലെ ഞാന്‍ കലാ തരംഗിണിയിലെത്തി.അവിടെ റിഹേഴ്സല്‍ നടക്കുന്നു.കഥകളി വേഷവും മോഹിനിയാട്ടവും നാടോടി നൃത്തവും എല്ലാം ചേര്‍ന്ന ഒരു സംഗീത ശില്‍പമാണു. ബേപ്പൂരും ബഷീറും എല്ലാം ചേര്‍ന്നതാണു പാട്ട്‌. അവസാനം രണ്ട്‌ നര്‍ത്തകര്‍ ചേര്‍ന്ന്‌ ബഷീറിനെ മറ്റു നര്‍ത്തകര്‍ക്കിടയിലൂടെ വേദിയിലേക്ക്‌ ആനയിക്കുന്നു. ബഷീര്‍ അവിടെ തണ്റ്റെ സ്വന്തം നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്യുന്നു. റിഹേഴ്സല്‍ കഴിഞ്ഞു നേരെ ബേപ്പൂരിലേക്ക്‌... കലാതരംഗിണി ഡയരക്റ്റര്‍ ശ്രീമതി. മേരിജോണും വണ്ടിയിലുണ്ടായിരുന്നു.

ഫറോക്ക്‌ മിനി സ്റ്റേഡിയത്തിലാണു പരിപാടി. വൈകുന്നേരമായപ്പോഴേക്കും സ്റ്റേഡിയം ജനനിബിഢമായി. സാംസ്കാരിക ഘോഷയാത്ര എത്തിച്ചേര്‍ന്നതോടെ മഹാ പുരുഷാരം സ്റ്റേഡിയവും കവിഞ്ഞ്‌ പരിസരങ്ങളില്‍ തിങ്ങി നിറഞ്ഞു.

ആദ്യ പരിപാടി ഞങ്ങളുടേതാണ്‌. കഥകളിക്കാര്‍ താടിയും കത്തിയും ചുട്ടികുത്തി. മോഹിനിയാട്ടക്കാരും നാടോടി നൃത്ത ക്കാരും അവരവരുടെ വേഷങ്ങളണിഞ്ഞു. ഞാനും മുഖത്ത്‌ പൌഡറിട്ട്‌ ബഷീറിയന്‍ മീശ വരച്ച്‌ ജുബ്ബയും കാല്‍ക്കുടയുമായി ഒരു ബഷീറെന്ന്‌ വരുത്തിത്തീര്‍ക്കാനൊരുങ്ങി.

ഞങ്ങള്‍ സ്റ്റേജിനു പിന്നാമ്പുറത്തേക്ക്‌. എനിക്ക്‌ വല്ലാത്ത ശങ്ക. ഞാന്‍ ബഷീറായോ..? ആളുകള്‍ക്ക്‌ അങ്ങനെ ഒരു തോന്നലെങ്കിലും ഉണ്ടാകുമോ..? വിശിഷ്ടാതിഥികളെ സ്വീകരിക്കുവാന്‍ കുട്ടികള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. കൂടെ രക്ഷിതാക്കളും വനിതാ വളണ്ടിയര്‍മാരും. വളണ്ടിയര്‍ ബാഡ്ജു ധരിച്ച ഒരു വനിതയോടു ഞാന്‍ ചോദിച്ചു." എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും..?" അവര്‍ എന്നെ സൂക്ഷിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാന്‍ നിരാശയനായി. എണ്റ്റെ വേഷപ്പകര്‍ച്ച വെറുതെയായി. എനിക്കൊരിക്കലും ബഷീര്‍ ആവാന്‍ കഴിയില്ല. ഞാന്‍ വേറൊരു മഹിളയോടു ചോദിച്ചു. "നിങ്ങള്‍ക്ക്‌ മനസ്സിലയൊ ഞാനാരെന്ന്. നിങ്ങളുടെ നാട്ടുകാരനാണ് .." അവരെന്നെ നോക്കിത്തീരും മുമ്പേ ഒരു കൊച്ചുകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു: "ബഷീര്‍..." അപ്പോള്‍ മറ്റൂ കുട്ടികളും ഒരുമിച്ച്‌ ഉറക്കെ ഒച്ചയിട്ടു "ബഷീര്‍.. "

എനിക്കു സമാധാനമായി.ഞാന്‍ ബഷീറായിരിക്കുന്നു! വലിയവര്‍ക്ക്‌ അറിയില്ലെങ്കിലും ചെറിയവരെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

അപ്പോഴേക്കും സ്റ്റേഡിയത്തില്‍ ഒരു ആരവം..ഒരു തിരയിളക്കം. ആയിരം കണ്ഠങ്ങള്‍ ഒരുമിച്ചു വിളിച്ചു പറയുന്നു:" മമ്മുട്ടി...മമ്മുട്ടി.." തിക്കും തിരക്കും പേടിച്ച്‌ സംഘാടകര്‍ മറച്ചു വെച്ചിരുന്ന ആ രഹസ്യം ഇതാ പൂര്‍ണ്ണകായനായി മുന്നില്‍.

നൃത്തസംഘം വരിവരിയായി വേദിയിലേക്ക്‌.പാട്ടുതുടങ്ങി,നൃത്തവും. അവസാനം ബഷീറിനെ ആനയിച്ചു കോണ്ടുപോകാന്‍ നര്‍ത്തകര്‍ രണ്ടുപേര്‍ പിന്നിലെക്ക്‌ വലിഞ്ഞു. അവര്‍ക്ക്‌ നടുവില്‍ ഞാനതാ ബഷീറായി വേദിയിലേക്ക്‌. പഠിപ്പിച്ച പോലെ അഭിവാദ്യമര്‍പ്പിക്കാന്‍ ഞാന്‍ കയ്യുയര്‍ത്തി. ജനം ആര്‍ത്തിരമ്പി ഹര്‍ഷാരവം മുഴക്കുന്നു. തിരിഞ്ഞു നടക്കുമ്പോള്‍ ഉള്ള് നിറഞ്ഞു. എണ്റ്റെ ഈ ശരീരവും പെട്ടത്തലയും പാഴല്ല. എനിക്കു ബഷീര്‍ ആവാന്‍ കഴിയും... വൈക്കം മുഹമ്മദ്‌ ബഷീര്‍!!.

അഭിമാന ബോധത്തോടെ ഞാന്‍ മനസ്സില്‍ ഉറച്ചു, ഇന്ന് സംഘത്തിണ്റ്റെകൂടെ മടങ്ങുന്നില്ല. നാളെ സുല്‍ത്താണ്റ്റെ കൊട്ടാരവും ആയിരമായിരം ജീവികള്‍ സ്വയമേ അവകാശം സ്ഥാപിച്ചിരിക്കുന്ന ആ രണ്ട്‌ ഏേക്കര്‍ പറമ്പും ഒന്ന് കാണണം. വെറുതെ അകലെ നിന്നൊന്നു കാണണം..

തികഞ്ഞ കൃതാര്‍ഥ്തയോടെ സംഘത്തോട്‌ യാത്ര പറഞ്ഞു ഞാന്‍ കോഴിക്കോട്ടേക്ക്‌ അടുത്ത ബസ്സ്‌ പിടിച്ചു.മാനഞ്ചിറയിലിറങ്ങി മിഠായിത്തെരുവിലൂടെ വെജിറ്റേറിയന്‍ ഹോട്ടലന്വേഷിച്ച്‌ നടന്നു. ആദ്യം ഭക്ഷണം, പിന്നെ താമസിക്കാന്‍ മൂറി... എസ്‌.എം സ്ട്രീറ്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ ഇറങ്ങുമ്പോഴുണ്ട്‌ മുമ്പില്‍ ഒരു നാട്ടുകാരന്‍ പയ്യന്‍...നിഷാദ്‌. അവന്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണു....നിഷാദ്‌ നിര്‍ബ്ബന്ധിച്ച്‌ എന്നെ അവണ്റ്റെകൂടെ കൂട്ടിക്കൊണ്ടുപോയി .അവന്‍ സഹവാസി ജോസിനോട്‌ വിളിച്ചു പറഞ്ഞു കഴിഞ്ഞു ഇന്ന്‌ ഒരു അതിഥികൂടിയുണ്ടെന്ന്‌. അങ്ങനെ അവണ്റ്റെ കൂടെ മിഠായിത്തെരുവിലൂടെ നടന്ന്‌ മുറിയില്‍ കയറിപ്പറ്റി.

നാട്ടിലെത്തിയിട്ട്‌ ചില അത്യാവശ്യങ്ങളൊക്കെയുണ്ട്‌.എന്നാലും കിടന്നപ്പോളാലോചിച്ചുറച്ചു, ബേപ്പൂരൊന്നു പോകണം. തേളും കീരിയും പാമ്പും പഴുതാരയും മറ്റു നൂറായിരം ജീവികളും അവകാശം സ്ഥാപിച്ചിട്ടുള്ള ആ രണ്ട്‌ ഏക്കര്‍ പറമ്പൊന്നു കാണണം.ആ മാങ്കോസ്റ്റിന്‍ മരം ഇപ്പോഴുമവിടെ ഉണ്ടോ എന്നൊന്ന്‌ നോക്കണം.

പിറ്റേന്ന്‌ രാവിലെ തന്നെ നിഷാദിനേയും കൂട്ടി റയില്‍ വേസ്റ്റേഷനില്‍ പോയി ജനശതാബ്ദി എക്സ്പ്രസ്സിന് തിരിച്ചു പോകാനുള്ള ടിക്കറ്റെടുത്തു. 'ജനശതാബ്ദി' ഉച്ചക്ക്‌ ഒന്നര മണിക്കാണു. അതിനു മുമ്പേ ബേപ്പൂര്‌ പോയി വരണം മുറിയില്‍ തിരിച്ചെത്തി കുളിയും തേവാരവും കഴിഞ്ഞ്‌ നേരെ യാത്രയായി, ബേപ്പൂരിലേക്ക്‌.

ബേപ്പൂരങ്ങാടിയില്‍ ബസ്സിറങ്ങിയപ്പോള്‍ വല്ലാത്ത ഒരു സന്ദേഹം. ബഷീറിണ്റ്റെ വീട്‌ കണ്ടുപിടിക്കണം.ആരോട്‌ ചോദിക്കും. കേട്ടിട്ടുണ്ട്‌ നമ്മുടെ മനസ്സില്‍ പൂജിക്കുന്ന പല വിഗ്രഹങ്ങളും സ്വന്തം നാട്ടില്‍ അപരിചിതരാണെന്ന് ബഷീറിനെപ്പറ്റിയും അങ്ങനെയാവുമോ..? എങ്കില്‍ മനസ്സില്‍ വല്ലാത്തൊരു ആഘാതമാവും. ആരോടും ചോദിക്കാന്‍ പോയില്ല. ഒറ്റക്ക്‌ കണ്ടുപിടിക്കാന്‍ പറ്റുമോ എന്നു നോക്കണമല്ലൊ. നേരേ തെക്കോട്ടു നടന്നു. നേരെ ചെന്നപ്പോള്‍ വഴി കിഴക്കോട്ടു പിരിയുന്നു. അവിടെ നിന്നു നോക്കിയപ്പോള്‍ ബേപ്പൂറ്‍ തുറമുഖത്തിണ്റ്റെ ബോര്‍ഡ്‌. അഴിമുഖത്ത്‌ ഒരു കപ്പല്‍. ബേപ്പൂറ്‍ ഫെസ്റ്റ്‌ പ്രമാണിച്ച്‌ നാവിക സേന പൊതുജന കാഴ്ച്ചക്കായി കൊണ്ടുവന്നിട്ടിട്ടുള്ളതാണ്‌.തുറ മുഖത്തെ മരച്ചുവട്ടില്‍ നിന്ന്‌ അതൊക്കെ കണ്ടു. അപ്പോഴും ബഷീറിണ്റ്റെ വീടിനെപ്പറ്റി ആരോടും ചോദിച്ചില്ല. ചോദിക്കാന്‍ മനസ്സു വന്നില്ല. തിരിച്ചു നടന്നു സമയം പോകുന്നു. ഒന്നരക്കാണു തീവണ്ടി. തിരിച്ചു കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറിയാലോ... ഇത്രടം വന്നിട്ട്‌ വന്ന കാര്യം നടക്കാതെ പോയാല്‍...മോശം.

തിരിച്ചു കവലയില്‍ എത്തിയപ്പോള്‍ കണ്ണ്‌ ആകെ ഒന്നു പരതി നോക്കി. ആല്‍ത്തറയില്‍ ഒരു ആക്രിക്കച്ചവടക്കാരന്‍. അയാള്‍ക്കരികില്‍ കുലീനനും കാര്യവിവരമുള്ളവനെന്നും തോന്നിക്കുന്ന ഒരു മദ്ധ്യ വയസ്കനിരിക്കുന്നു. അദ്ദേഹത്തിനു സ്ഥലകാല ചരിത്രമെല്ലാം അറിയാതിരിക്കില്ല എന്നൊരു തോന്നല്‍. അയാളുടെ അടുത്തേക്ക്‌ ചെന്നു രണ്ടും കല്‍പിച്ചു ചോദിച്ചു: "ബഷീറിണ്റ്റെ വീട്‌ എവിടെയാണ്‌..?
"ഏതു ബഷീര്‍..? "
"വൈക്കം മുഹമ്മദ്‌ ബഷീര്‍"
"ഓണ്റ്റെ ബാപ്പാണ്റ്റെ പേരറിയോ ങ്ങക്ക്‌ ..?"
ഞാനകെ വിഷണ്ണനായിപ്പോയി.ആ രൂപത്തെ കുറച്ച്നേരംകൂടി നോക്കി നിന്ന്‌ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

വേണ്ട. ഒന്നും വേണ്ട .വേഗം ബസ്സ്‌ പിടിക്കാം .സ്റ്റാണ്റ്റില്‍ ചെന്നപ്പോല്‍ മൂത്ര ശങ്ക തോന്നി. ശൌച്യാലയത്തില്‍ കയറി ആ കൃ‍ത്യം നിര്‍വ്വഹിച്ചു പുറത്തിറങ്ങിയപ്പോള്‍ കാശ്‌ പിരിക്കാനിരിക്കുന്ന തൊഴിലാളിയോടു ഒന്ന്‌ അന്വേഷിച്ചു നോക്കിയാലോ എന്നൊരു തോന്നല്‍.
അയാളോടു ചോദിച്ചു: "വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വീട്‌ എവിടെയാണ്‌..?"
അയാള്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ത്ധടിതിയില്‍ ചാടി എഴുന്നേറ്റു.എന്നിട്ട്‌ ഉറക്കെ പറഞ്ഞു:" മൂപ്പര്‌ ഇങ്ങടെ സുല്‍ത്താനല്ലേന്ന്..!"
എണ്റ്റെയടുത്തെക്ക്‌ രണ്ടടി വെച്ചിട്ട്‌ കൈചൂണ്ടി:"ങ്ങള്‌ ല്ല ബസ്സ്‌ പിടിച്ചോളീ.. നാലു രൂപ ചാര്‍ജ്‌.. ആര്‍.എം.ഹോസ്പിറ്റല്‍ സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം പടിഞ്ഞാട്ടു നടന്നാ മതി. വൈലാലില്‍ വീടായി".


ഞാനോടി ആ ബസ്സിനകത്തേക്ക്‌ ചാടിക്കയറി. ആര്‍.എം സ്റ്റോപ്പില്‍ ഇറങ്ങി നാലു പാടും നോക്കി. ഇതിലേ പടിഞ്ഞാട്ട്‌.. വഴിയൊന്നും കാണുന്നില്ലല്ലൊ. ആരോടെങ്കിലും ചോദിച്ചാല്‍ അബദ്ധം ആവര്‍ത്തിക്കുമോ..?!

അടുത്ത്‌ കണ്ട ഒരാളുടെ മുഖത്തേക്ക്‌ ഞാന്‍ സന്ദേഹത്തോടെ സൂക്ഷിച്ചു നോക്കി . അയാള്‍‍ എന്താവേണ്ട്യേത്‌ എന്ന അര്‍ത്ഥത്തില്‍ എന്നേയും നോക്കി. വിവരം പറഞ്ഞപ്പോള്‍ ആ മുഖത്ത്‌ നിറഞ്ഞ ചിരി. തെക്കു ഭാഗത്തുള്ള ഇടവഴി വരെ അദ്ദേഹം എണ്റ്റെ കൂടെ വന്നു. "ങ്ങളു നേരെ അങ്ങ്ട്‌ നടന്നാ മതി.നേരെ ചെന്ന്‌ മുട്ടണത്‌ വൈലാലില്‍ വീട്‌." ഞാന്‍ നടന്നു. വഴി അല്‍പ്പം ചെന്നപ്പോല്‍ രണ്ടായി പിരിയുന്നു. ഇനി ഇതിലേ ഏത്‌..? ശങ്കിച്ചു നില്‍ക്കുമ്പോള്‍ ഒരു യുവതി നടന്നു വരുന്നു. അവരോടു ചോദിച്ചു: "ബഷീറിണ്റ്റെ വീട്‌..?" അവരുടെ മുഖത്ത്‌ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തിണ്റ്റെ ചിരി. അവര്‍ വീട്‌ ചൂണ്ടി പറഞ്ഞു "ദാ അതു തന്നെ."

ഞാന്‍ നിന്ന നില്‍പ്പില്‍ ആ വീടൊന്നു നോക്കി. മനസ്സില്‍ ഒരു പ്രവാഹം . കഥകളുടെ.. കഥാപാത്രങ്ങളുടെ... ബഷീര്‍ എന്ന ബേപ്പൂറ്‍ സുല്‍താണ്റ്റെ...ഞാന്‍ പതുക്കെ വീട്‌ ലക്ഷ്യമാക്കി നടന്നു. പടിക്കലെത്തിയപ്പോള്‍ കണ്ടു ഉമ്മറത്ത്‌ ചുമരില്‍ തിളങ്ങുന്ന ബഷീറിയന്‍ പടം. ഞാനാ രണ്ട്‌ ഏക്കര്‍ പറമ്പിണ്റ്റെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. പറമ്പ്‌ ബലവത്തായ ഈടു കെട്ടി സംരക്ഷിച്ചിരിക്കുന്നു. നിറയെ വൃക്ഷലതാതികള്‍. കയറാന്‍ നേരമില്ല. കയറി അതിലെ നൂറായിരം അവകാശികളെ കാണാന്‍ നേരമില്ല. 'ജനശതാബ്ദി'യുടെ നേരം അടുക്കുന്നു.കണ്ടല്ലൊ അതു മതി. ഇനി ആരോടും വഴി ചോദിക്കാതെ വരാമല്ലൊ.

ഞനാ പറമ്പും പരിസരവും മനസ്സില്‍ ആവാഹിച്ചെടുത്ത്‌ തിരികെ നടന്നു.

Friday, August 27, 2010

പാല്‍പായസം -3

1.കുമ്പളം.
-------
താനേ മുളച്ചൊരു കുമ്പളത്തൈ
ചേറില്‍ വളര്‍ന്നൊരു കുമ്പളത്തൈ
മുട്ടിനു മുട്ടിനു പൂവണിഞ്ഞു
കുന്നോളം തന്നു കുമ്പളങ്ങ.

2. മഴ
--------
മാനത്ത്‌ കാറു മറിഞ്ഞു
താഴത്ത്‌ ചേറു പുതഞ്ഞു
പാടത്ത്‌ പച്ച പുതഞ്ഞു
മാടത്ത്‌ ചിരി വിരിഞ്ഞു

3. മാങ്ങക്കൊതിയന്‍
-----------------
മാങ്ങാക്കൊതിയന്‍ മാക്കുണ്ണി
മാവേല്‍ കേറി വീണല്ലൊ
മാങ്ങകള്‍ വെക്കം പെറുക്കീട്ട്‌
മുടന്തി മുടന്തിപ്പോയല്ലൊ.

4. മിയോ..മിയോ..
----------------
പൂച്ച പെറ്റു പുരമച്ചില്‍
മച്ചിന്‍പുറമാകെ മിയോ...മിയോ...
വെള്ള രണ്ട്‌ വരയന്‍ മൂന്ന്
കണ്ടനൊന്ന് കൊറ്റികള്‍ നാലു
കുഞ്ഞുങ്ങളഞ്ചും മിയോ.. മിയോ..

5.ബലൂണ്‍
----------
ഉത്സവത്തിനമ്മ കൊണ്ടുപോയി
ഉത്സാഹത്തോടെ നടന്നു പോയി
വലിയ ബലൂണ്‍ ഒന്നു വാങ്ങിയല്ലൊ
തട്ടി മൂട്ടി 'ഠോ'ന്നു പൊട്ടിയല്ലൊ.

Saturday, May 29, 2010

പാല്‍പായസം-2

1.മതിലുകള്‍
*********
വേലിയിലായിരം വെള്ളപ്പൂക്കള്‍..
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍..
ആ കാഴ്ച്ചകളെല്ലാം അകലുന്നു..
പുതിയൊരു മതിലാണുയരുന്നു.

2.ദൈവം
*******
മുറ്റത്തൊരു ചെടി നട്ടാല്‍
പുതുമുളയായ്‌ ദൈവം വരും
നിത്യാര്‍ച്ചന ചെയ്തെന്നാല്‍
നറും പൂവായ്‌ വിരിയും ദൈവം

3.ചിരി
******
ചിരിയിലുണ്ട്‌ ചിരി
ചിരിയില്ലാ ചിരി ..
ചിരി ചിരിയാകണേല്‍
പൂപോല്‍ ചിരിക്കണം
പൂപോല്‍ ചിരിക്കണേല്‍- ചിരി
ചിത്തത്തീന്നുദിക്കണം.

4.ഇന്നലെ,ഇന്ന്,നാളെ ..
*****************
'ഇന്നലെ'യുണ്ടാകയാല്‍
'ഇന്നു'ണ്ടായി
'ഇന്നു'ണ്ടാകയാല്‍
'നാളെ'യുണ്ടാകും.

5.മെമ്മറി
*******
തലയില്‍ മെമ്മറി 'ഫ്രീ'യായി
കമ്പ്യൂട്ടറിലോ 'ഫുള്ളാ'യി.