Monday, July 4, 2011

മലയാള സംഗീതം - നിലാവെളിച്ചം


ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പതിനേഴാം ചരമ വാര്‍ഷിക ദിനം.ഓളങ്ങളടങ്ങാത്ത ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു.


ബഷീര്‍ കഥകളെ ആസ്പദമാക്കി ഞാനെഴുതിയ ഗാനങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ പലരും ആ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.അവരുടെ അറിവിലേക്ക്‌:malayalasangeetham.info എന്ന പേരിലൂള്ള സൈറ്റില്‍ ആല്‍ബങ്ങളുടെ കൂട്ടത്തില്‍ 'നിലാവെളിച്ച'വും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. malayalasangeetham.info എന്ന സൈറ്റില്‍ ആല്‍ബ്ം സര്‍ച്ചില്‍ nilavelicham ക്ളിക്ക്‌ ചെയ്താല്‍ മതിയാകും അവിടെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ ക്ളിപ്പിങ്ങുകളും മറ്റു വിവരങ്ങളും അവര്‍ കൊടുത്തിട്ടുണ്ട്‌.സമയം പോലെ താല്‍പര്യമുള്ളവര്‍ അവിടെ വരെ ഒന്നു പോകുമെന്ന്‌ ആശിക്കുന്നു.


അനുബന്ധം: കമ്പ്യൂട്ടറിണ്റ്റെ തകരാറു കാരണം നേരിട്ട്‌ ലിങ്ക്‌ നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനു ഒന്നാമതായി റാംജി ഇട്ട കമണ്റ്റില്‍ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

Tuesday, June 14, 2011

നിലാവെളിച്ചം (ആല്‍ബം)- 'പാത്തുമ്മായുടെ ആടും' 'പൂവമ്പഴ'വും

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' .ബഷീറിണ്റ്റെ മാസ്റ്റര്‍പീസിനെ ആസ്പദമാക്കി രചിച്ച ഒരു ഗാനം. പാടിയത്‌:ഫ്രാങ്കൊ

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ഠപോ...ഠപോ...

ആട് പെറ്റൊരു ചെറു കുഞ്ഞ്‌ .. പീക്കിരിയായൊരു പൊന്‍ കുഞ്ഞ്‌
പെറണത്‌ മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ..
.
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...

ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...

ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^^^^^^^^^^^^^^^

Thursday, June 9, 2011

നിലാവെളിച്ചം (ആല്‍ബം) - മതിലുകള്‍

സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന്. വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.

മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....

അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....

നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^

Tuesday, May 31, 2011

നിലാവെളിച്ചം(ആല്‍ബം) മറ്റു ഗാനങ്ങള്‍

1.ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!
2.'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'
സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^


Monday, May 16, 2011

പ്രേമലേഖനം


രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വ്യഖാതമായ ചില കഥകളെ ആസ്പദമാക്കി 'നിലാവെളിച്ചം' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. അതിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചത്‌ ഈ എളിയവനാണ്‌. ബഷീറിനെത്തൊടാന്‍ അന്ന് എനിക്കെങ്ങനെ ധൈര്യം വന്നു എന്ന് ഞാന്‍ പിന്നീട്‌ പലപ്പോഴും മാറിയിരുന്ന് ചിന്തിച്ച്‌ വിറച്ചിട്ടുണ്ട്‌. ആ വിറയലില്‍ നിന്നും ഞാനിപ്പോഴും മുക്തനല്ല.

'നിലാവെളിച്ച'ത്തിലെ ഗാങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ഞാനീ ബ്ളോഗിന്‌ തുടക്കം കുറിച്ചത്‌. പുതിയ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി അതിലെ ഒരു ഗാനത്തിണ്റ്റെ വരികള്‍ വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു.

പ്രേമലേഖനം
------------
(കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു,ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണഭാവം ആവിഷ്ക്കരിക്കാനാണ്‌ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. ഹിന്ദോള രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ അസീസ്‌ ബാവ. ആലാപനം : സുജാത.)

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹൃദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം..!
*****************************

Monday, April 25, 2011

സ്വകാര്യം

(കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൌമുദി ഗ്രൂപ്പിണ്റ്റെ 'കഥ' ദ്വൈവാരിക പ്രസിദ്ധീകരിച്ച മിനിക്കഥയാണ്‌ 'സ്വകാര്യം'. ഏതു കാലത്തായാലും കുഞ്ഞു മനസ്സിണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറങ്ങള്‍ നൂറാണ്‌)


സ്വകാര്യം
---------
ഇത്താത്ത പോകുന്നിടത്തൊക്കെ നല്ല വാസനത്തൈലത്തിണ്റ്റെ ചൂര്‌... ഇത്താത്ത പോകുന്നിടത്തൊക്കെ ഒരു തരം മിനുമിനുങ്ങണ പടപടപ്പ്‌... ഇത്താത്ത പോകുന്നിടത്തൊക്കെ കിക്കിളികൂട്ടും പോലൊരു കിലു കിലുക്കം..

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇത്താത്ത കാറില്‍ കയറിപ്പോയി. ഇത്താത്തയുടെ തൊട്ടടുത്ത്‌ മുട്ടിയുരുമ്മി ആ പുതിയ ആളും ഇരുന്നിരുന്നു. ഇത്താത്ത പോകുന്നത് കണ്ടപ്പോള്‍ ഉമ്മ കരഞ്ഞു..., അമ്മായി കരഞ്ഞു. കുഞ്ഞിക്കാക്കയും ഷമീറും കരഞ്ഞു.സുമിയ്യ മാത്രം കരഞ്ഞില്ല. പോകുന്ന പോക്കിലുള്ള ഇത്താത്തയുടെ മണം ആവോളം ആര്‍ത്തിയോടെ മൂക്കു വിടര്‍ത്തി വലിച്ചു പിടിച്ചു നിന്നു ,അവള്‍.

കാറ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൂമുഖത്ത്‌ ചാരുകസേരയില്‍ മലര്‍ന്ന്‌ കിടന്ന്‌ നെടുവീര്‍പ്പിടുന്ന ഉപ്പയെ കണ്ടു. സുമിയ്യ പയ്യെ ഉപ്പയുടെ ഓരം ചാരിനിന്നു. ഉപ്പയുടെ കാത്‌ പിടിച്ച്‌ വലിച്ച്‌ അവളുടെ ചുണ്ടോടടുപ്പിച്ചു...എന്നിട്ട്‌ സ്വകാര്യം ചോദിച്ചു:
" ഉപ്പാ... ന്നേം കെട്ടിയ്ക്കോ...?"

ഉപ്പ കുടു കുടെ ചിരിച്ചു. ഉപ്പാടെ ചിരി കണ്ടപ്പോള്‍ സുമിയ്യയ്ക്ക്‌ നാണം വിരിഞ്ഞു. ഉപ്പ അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി വരിഞ്ഞു മുറുക്കി ചോദിച്ചു:
"എന്തിന മോളെ.. അന്നപ്പെ കെട്ടിയ്ക്കണേ..?"

സുമിയ്യ ഉപ്പാടെ തോളില്‍ ഞാണു കിടന്നു. ഉപ്പാടെ ചെവിയില്‍ ഉമ്മം വെച്ചു. എന്നിട്ട്‌ പിന്നെയും കള്ളച്ചിരിയോടെ സ്വകാര്യം പറഞ്ഞു:
" അതേയ്‌ ഇയ്ക്കും ഒന്ന്‌ പുയ്യെണ്ണാവാന്‍...".

Sunday, April 17, 2011

പൂക്കാവടി

(തിരൂര്‍ മീറ്റിന്‌ പോയിരുന്നു. മീറ്റുകള്‍ കുറേക്കൂടി കാര്യമാത്ര പ്രസക്തമാകണമെന്നു തോന്നി.
തുഞ്ചന്‍പറമ്പ്‌ ഓരോ മലയാളിയുടേയും ആത്മാവിലെ ഒരിടമാണ്‌. അവിടത്തെ മണല്‍ച്ചെരുവിലാണ്‌ നമ്മുടെ തായ്‌വേരുകള്‍ ഊര്‍ന്നിറങ്ങിയിട്ടുള്ളത്‌. ആ പിതൃഭൂമിയിലങ്ങനെ ചുറ്റിയടിച്ചപ്പോള്‍ ഉള്ളിലുടക്കിയത്‌ കാഞ്ഞിരത്തറയാണ്‌. അപ്പോള്‍ തോന്നിയ ഒരു കവിതാശകലം)

തുഞ്ചന്‍പറമ്പ്‌
-------------
തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരച്ചില്ലയില്‍
ചിരാതുപോല്‍ തളിരുകള്‍ ജ്വലിച്ചു നില്‍പൂ..
അക്ഷരപ്പെയ്ത്തിന്നമൃതല്ലൊ തുളുമ്പുന്നു
കാറ്റിന്നുത്സവമായ്‌ പാറുന്നു ലോകമെങ്ങും!
********************************

Sunday, April 3, 2011

പൂക്കാവടി - 4

1.അഹം
----------
അഹം ഭാവം ആപത്ത്‌
അഹം ബോധം സമ്പത്ത്‌

2.മഹാഭാരതം
----------------
പലവഴി വരുമൊരു കഥയല്ലൊ
പാരാകെ പോരും മിഴിവല്ലൊ
കാച്ചിക്കുറുക്കിയാല്‍ പൊരുളൊന്നേ ചൊല്‍വൂ:
ധര്‍മ്മമൂട്ടും കര്‍മ്മം ചെയ്‌വതേ രക്ഷ.

3.മാങ്ങാപ്പൂള്‌
---------------
മാങ്ങാപ്പൂള്‌ കൊതിപ്പൂള്‌
കാക്ക കൊത്തി പറ പറന്നു
കൊതിയൂറി വെള്ളമിറക്കി
കുഞ്ഞാമിന പിറു പിറുത്തു..

4.ആനച്ചമയം
-----------------
ആനച്ചമയം കണ്ടു കണ്ട്‌
ആലവട്ടത്തിലൊന്നു തൊട്ടൂ ഞാന്‍
വെണ്‍ചാമരം വിരിഞ്ഞു, ഉള്ളിലൊരു
പാഞ്ചാരിമേളമുയര്‍ന്നു.. !

5.പഠനം
-----------
കളിയില്ല ചിരിയില്ല
കുഞ്ഞുങ്ങളൊക്കെ വൃദ്ധന്‍മാര്‍
പഠിച്ച്‌ പഠിച്ച്‌ നാളെയവരീ-
നാടിന്‍ പാരകളാകൂലേ... !
**************************